തൃശൂർ : വിശാഖപട്ടണത്ത് നിന്ന് വരുന്ന നല്ല മുന്തിയ ഇനം കൊഞ്ചിന് കേരളത്തില്‍ ഹോള്‍സെയില്‍ വില 600 രൂപയാണ്. എന്നാൽ തൃശൂരില്‍ ചിലയിടത്ത് വിശാഖപട്ടണം കൊഞ്ച് 150നും 200നു വരെ വില്‍ക്കുന്നു. ഇതേ കൊഞ്ച് 600 രൂപയ്ക്കാണ് യഥാര്‍ഥ മൊത്ത വിതരണക്കാര്‍ വാങ്ങുന്നത്. ഇതോടെ വിശാഖപട്ടണത്തെ ഏജന്റുമാരെ മറ്റ് കച്ചവടക്കാർ വിളിച്ച് അന്വേഷിച്ചപ്പോൾ വിലയില്‍ മാറ്റമില്ലെന്നാണ് അവർ മറുപടി പറഞ്ഞത്. ഇതോടെ സ്വന്തം കീശയിലെ കാശു മുടക്കി തീരെ വിലക്കുറിച്ച് കൊഞ്ച് വില്‍ക്കാന്‍ ആരെങ്കിലും തയാറാകുമോ എന്നിങ്ങനെ പല ചോദ്യങ്ങളും മീന്‍ കച്ചവടക്കാരുടെ മനസില്‍ ഉയര്‍ന്നു. ഇതോടെ മീന്‍ തീരെ വിലക്കുറച്ച് വിശാഖപട്ടണത്തു നിന്ന് കൊണ്ടുവരുന്നവര്‍ ആരെല്ലാമെന്ന് അന്വേഷണമായി. തുടർന്ന് ഇവർക്ക് തോന്നിയ ചില സംശയങ്ങള്‍ തൃശൂര്‍ റൂറല്‍ എസ്പി ആര്‍.വിശ്വനാഥിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. സീ ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിനോട് അന്വേഷിക്കാന്‍ എസ്പി നിര്‍ദ്ദേശം നല്‍കി. ഇതോടെയാണ് സംഭവത്തിലെ ട്വിസ്റ്റ് പുറത്തായത് .
വിശാഖപട്ടണത്തു നിന്ന് പുതുതായി മീന്‍ കൊണ്ടുവരുന്ന ഇടനിലക്കാര്‍ ആരൊക്കെയാണെന്ന് പൊലീസ് അന്വേഷിച്ചു. ദീര്‍ഘകാലം നീണ്ട അന്വേണം. വിശാഖപട്ടണത്ത് 600 രൂപ വിലയുള്ള കൊഞ്ച് കേരളത്തില്‍ കൊണ്ടുവന്ന് 200 രൂപയ്ക്കു കൊടുക്കാന്‍ സാധിക്കുന്നത് വിശദമായി അന്വേഷിച്ചു. ഓരോരുത്തരെക്കുറിച്ചും സമഗ്രമായി അന്വേഷിച്ചപ്പോഴാണ് സംഗതി പന്തികേടു തോന്നിയത്. പഴയ ക്രിമിനല്‍ സംഘങ്ങളില്‍ പലരും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മീന്‍ കൊണ്ടുവരുന്ന ഇടപാടിലേക്ക് തിരിഞ്ഞിരിക്കുന്നു. ഇക്കൂട്ടര്‍ കൊണ്ടുവരുന്ന മീനിന് വിപണിയില്‍ നിസാര കാശും. അങ്ങനെ, മീന്‍ വണ്ടികള്‍ നിരീക്ഷിച്ചു തുടങ്ങി.
വിശാഖപട്ടണത്തേയ്ക്കു കൊഞ്ചു വാങ്ങാന്‍ പോയ ഒരു മിനി ലോറി വാളയാര്‍ കടന്നിട്ടുണ്ടെന്നായിരുന്നു റൂറല്‍ എസ്.പിയ്ക്കു സന്ദേശം കിട്ടിയത്. ഇതോടെ വണ്ടി വളഞ്ഞ് പിടികൂടിയ പോലീസ് പരിശോധിച്ചപ്പോഴാണ് മീന്‍ വണ്ടിയ്ക്കുള്ളില്‍ കഞ്ചാവിന്റെ മണം. വണ്ടിയ്ക്കുള്ളിലുണ്ടായിരുന്ന പായ്ക്കറ്റുകള്‍ തുറന്നു നോക്കിയപ്പോള്‍ കഞ്ചാവായിരുന്നു. നൂറ്റിനാല്‍പതു കിലോയിലേറെ കഞ്ചാവ് കണ്ടെത്തി. വണ്ടിയില്‍ നിന്ന് ഓടിപ്പോയത് കൊല്ലം സ്വദേശി മുനീറും. വണ്ടിയുടമ പറവൂര്‍ സ്വദേശി ഷഫീഖാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് വന്‍തോതില്‍ കൊണ്ടുവരുന്ന വണ്ടിയില്‍ മറ മാത്രമാണ് കൊഞ്ചും മറ്റു മീനുകളും. ഇതു ചെറിയ കാശിനു വിറ്റൊഴിവാക്കും. മീനിനേക്കാള്‍ കൊള്ളലാഭം കഞ്ചാവില്‍ നിന്ന് കിട്ടുന്നതാണ് കാരണം. ചില പച്ചക്കറികളും നിസാര വിലയ്ക്കു വില്‍ക്കുന്നതായി വ്യാപാരികള്‍ പറയുന്നുണ്ട്.
Post Your Comments