
പത്തനംതിട്ട : ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം തുടരുന്നു. കേസിൽ ആരോപണ വിധേയരായ മുഴുവൻ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് കുടുംബം. മത്തായിയുടെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷൻ കൗൺസിലും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 28നാണ് മത്തായിയെ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരയ്ക്ക് താഴെ തളർന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മത്തായി. അടിമുടി നിയമലംഘനങ്ങൾ നിറഞ്ഞ കസ്റ്റഡിയും തുടർന്നുള്ള മരണവും രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ വാങ്ങിക്കൊടുത്തു.
എന്നാൽ, നിയമങ്ങൾ ലംഘിക്കപ്പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രാഥമിക റിപ്പോർട്ട് നൽകിയ കേസിൽ പ്രതികളായ വനപാലകരെ കസ്റ്റഡിയിലെടുക്കാൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. സംസ്‌കാരം നടത്തുന്ന കാര്യത്തിൽ ജനപ്രതിനിധികളുടേയും പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാഗങ്ങളുടേയും സംയുക്തയോഗം ജില്ലാ ഭരണകൂടം വിളിച്ചങ്കിലും തീരുമാനമുണ്ടായില്ല. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് മത്തായിയുടെ ബന്ധുക്കൾ. മരണം നടന്ന് 14 ദിവസം കഴിഞ്ഞിട്ടും മൃതദേഹം സംസ്കരിക്കാതെയുള്ള പ്രതിഷേധം സംസ്ഥാന ചരിത്രത്തിലെ തന്നെ അപൂർവതയാണ്. മോർച്ചറിയുടെ തണുപ്പിൽ നീതിയുടെ ചൂട് കാത്ത് കിടക്കുകയാണ് മത്തായിയെന്ന പ്രിയപ്പെട്ടവരുടെ പൊന്നുമോൻ.
Post Your Comments