തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചെന്നിത്തലയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫിസര്‍ മുമ്പ് ആര്‍എസ്എസില്‍ ശാരീരീക് പ്രമുഖ് ആയിരുന്നു. ആ വ്യക്തിയെ തന്നെ സെക്യൂരിറ്റി ഓഫിസറാക്കിയത് യാദൃച്ഛികമല്ല. ആര്‍എസ്എസുമായി ഒത്തുകളിക്കുന്നത് രമേശിന് നേരത്തെയുള്ളനിലപാടാണെന്നും കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ആര്‍എസ്എസിന് അനുകൂലമായ നിലപാടെടുക്കാന്‍ പാടില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് കണ്ണൂരില്‍ ആര്എസ്എസുകാരന് കൊലചെയ്യപ്പെട്ട കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി. സിപിഎം പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട കേസുകളില്‍ ചുമത്തിയ യുഎപിഎ ആര്‍എസ്എസ് സമ്മര്‍ദ്ദത്തിന് വിധേയനായി ഒഴിവാക്കിയെന്നും തന്റേത് രമേശ് ചെന്നിത്തലയോടുള്ള എതിര്‍പ്പല്ല രാഷ്ട്രീയ നിലപാടാണെന്നും കോടിയേരി വ്യക്തമാക്കി.
കേരളത്തിന് വഴികാട്ടുന്നവരാണ് ഇടതു സര്‍ക്കാര്‍. വികസനം നടത്തുന്നവരും വികസനം മുടക്കികളുമായുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും നീങ്ങുന്നു. നേട്ടങ്ങളില്ലാതാക്കാനാണ് വിവാദങ്ങള്‍ കൊണ്ടുവരുന്നതെന്നും വിവാദങ്ങള്‍ക്ക് പുറമെ പോയി ഒരു പദ്ധതിയും നിര്‍ത്തിവയ്ക്കാന്‍ പാടില്ലെന്നും കോടിയേരി ആരോപിച്ചു.
അതേസമയം സിപിഎമ്മും ആര്‍എസ്എസും യോജിച്ചാണ് പോകുന്നതെന്ന് പരാമര്‍ശിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും കോടിയേരി വിമര്‍ശനമുന്നയിച്ചു. സിപിഎമ്മും ആര്‍എസ്എസും യോജിക്കുന്നെന്ന വിഡ്ഢിത്തം മുല്ലപ്പള്ളിയല്ലാതെ ആരെങ്കിലും പറയുമോയെന്നും നട്ടാല്‍ മുളയ്ക്കാത്ത നുണ കെപിസിസി അധ്യക്ഷന്‍ പറയുന്നത് ശരിയല്ലെന്നും കോടിയേരി പറഞ്ഞു. മുല്ലപ്പള്ളിക്കെതിരെ 1984ല്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. ബിജെപി സഹായം സ്വീകരിച്ചത് മുല്ലപ്പള്ളിയാണ്. 1977ല്‍ ആര്‍എസ്എസ് വോട്ടുവേണ്ട എന്ന് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി. മാത്രവുമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ക്ക് ലഭിക്കേണ്ട വോട്ടുകള്‍ ബിജെപിയിലേക്കാണ് പോയതെന്നും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ബിജെപിയിലേക്ക് ചോരുന്നത് എന്തു കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments