മലപ്പുറം : കഴിഞ്ഞ പ്രാവശ്യം റോഡിന് വീതി കൂട്ടിയ നിലമ്പൂർ നാടുകാണി ചുരം അന്തർസംസ്ഥാന പാതയിൽ വിള്ളൽ. നാടുകാണി ചുരത്തിൽ ഒന്നാം വളവിൽ നിന്നും രണ്ട് കിലോമീറ്ററിന് അകലെ അത്തികുറുക്ക് എന്ന ഭാഗത്ത് 30 മീറ്റർ നീളത്തിലാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്.
റോഡിന് വീതിയുള്ളതിനാൽ ഒരു ഭാഗത്തു കൂടി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. നിലവിൽ രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ നാടുകാണി ചുരത്തിൽ വാഹനങ്ങൾ നിരോധിച്ചിരിക്കുകയാണ്. അതേസമയം ഇപ്പോൾ ഉണ്ടായിരിക്കുന്ന വിള്ളൽ ആശങ്കപ്പെടാനില്ലെന്ന് നിലമ്പൂർ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.നിലവിൽ ഈ ഭാഗത്ത് റോഡിന് ആവശ്യമായ വീതിയുണ്ടെന്നും ഈ ഭാഗത്ത് പുതിയതായി നിർമ്മിച്ച സുരക്ഷാ ഭിത്തി ഉള്ളതിനാൽ ഒരാശങ്കയും വേണ്ടന്ന് റോഡിന്റെ നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റി എഞ്ചിനിയറിംഗ് വിഭാഗവും വ്യക്തമാക്കി.
എന്നാൽ റോഡിന് വിള്ളൽ വീണതോടെ, വഴിക്കടവ് പുന്നക്കൽ, വെള്ളക്കെട്ട പ്രേദേശങ്ങളിലെ 300 ഓളം കുടുംബങ്ങൾ ആശങ്കയിലാണ്. ഏതു സമയത്തും നാടുകാണി ചുരത്തിലുൾപ്പെടെ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ നേരത്തെ തന്നെ ഈ പ്രദേശത്തെ ആളുകൾക്ക് മുന്നറിയിപ്പ് കൊടുക്കുകയും, വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുമുണ്ട്.
കഴിഞ്ഞ വർഷം ചുരത്തിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി ഉണ്ടായിരുന്നു. കൂറ്റൻ പാറ വീണതിനെ തുടർന്ന് ചുരം റോഡ് തകർന്നിരുന്നു. ഇതോടെ മാസങ്ങൾക്ക് ശേഷമാണ് ഇവിടെ ഗതാഗതം പുനരാരംഭിച്ചത്.
Post Your Comments