കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ ആണ് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ മരണപ്പെട്ട 18 പേരില്‍ ഒരാള്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ട 117 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്. അതില്‍ തന്നെ മൂന്ന് പേരുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ചികിത്സയിലുള്ളതില്‍ ഇരുപത് പേര്‍ കുട്ടികളാണ്.
കരിപ്പൂര്‍ വിമാനാപകടവുമായി ബന്ധപ്പെട്ട് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കോവിഡ് സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ നില്‍ക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീന പറഞ്ഞു. എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിലെ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എല്ലാവരും മുന്‍കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തിനായി ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
പൈലറ്റുമാര്‍ രണ്ടു പേരും അപകടത്തില്‍ മരണപ്പെട്ടതിനാല്‍ ബ്ലാക്ക് ബോക്‌സും കോക്ക് പിറ്റ് റെക്കോഡറും പരിശോധിച്ചു അപകടകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Post Your Comments