KeralaLatest NewsNews

കരിപ്പൂര്‍ വിമാനാപകടത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനാപകടത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് നടന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ദാരുണമായ അപകടം വളരെ വിഷമകരമായതാണെന്നെന്നും സംഭവസ്ഥലത്ത് എത്രയും വേഗം എത്തിച്ചേരാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനും എന്‍ഡിആര്‍എഫിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.

വിമാനാപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് സ്വീകരിച്ച നടപടികളും കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയര്‍പോര്‍ട്ടില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സര്‍വ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനും മറ്റെല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താനും സംസ്ഥാന ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. അടിയന്തര രക്ഷാ നടപടികള്‍ക്ക് പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

അതേസമയം വിമാനപകടത്തില്‍ പൈലറ്റ് അടക്കം മൂന്ന് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീന്‍, രാജിവന്‍ എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ലാന്‍ഡ് ചെയ്യവെ നിയന്ത്രണം വിട്ട് താഴേക്ക് വീണത്. താഴേക്ക് വീണ വിമാനം റണ്‍വേയില്‍ രണ്ടായി പിളര്‍ന്ന് കിടക്കുകയാണ്.

വന്ദേഭാരത് മിഷന്‍ വഴി പ്രവാസികളെ കൊണ്ട് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിംങ് വിമാനമാണ് ലാന്റിംഗിനിടെ തെന്നിമാറി താഴ്ചയിലേക്ക് പതിച്ചത്. വിമാനത്തില്‍ 190 പേരാണ് ഉണ്ടായിരുന്നത്. 174 മുതിര്‍ന്നവരും പത്ത് കുട്ടികളും ആറ് വിമാന ജീവനക്കാരും ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 4.45 നു ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് 7:45 ഓടുകൂടി കരിപ്പൂര്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button