Latest NewsKeralaNews

കരിപ്പൂര്‍ വിമാനാപകടം ; പരിക്കേറ്റ രണ്ടര വയസുകാരിയ്ക്ക് നഷ്ടപരിഹാരമായി നല്‍കുന്നത് 1.51 കോടി രൂപ

തൃപ്തികരമായ തീരുമാനമല്ല ഉണ്ടാകുന്നതെങ്കില്‍ നിയമപരമായ നടപടി സ്വീകരിയ്ക്കാമെന്നും ഉത്തരവില്‍ പറയുന്നു

കൊച്ചി : കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടര വയസുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ രണ്ടര വയസുകാരിയായ മകള്‍ക്കാണ് ഈ തുക ലഭിയ്ക്കുക. കുട്ടിയ്ക്ക് തുക നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു.

ഷറഫുദ്ദീന്റെ ഭാര്യ ആമിന, മകള്‍, ഷറഫുദ്ദീന്റെ മാതാപിതാക്കള്‍ എന്നിവരാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കാട്ടി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഉണ്ടായ അപകടത്തില്‍ വിമാനത്തില്‍ ഷറഫുദ്ദീനൊപ്പമുണ്ടായിരുന്ന ആമിനയ്ക്കും മകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. രണ്ടര വയസുകാരിയ്ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുകയില്‍ ഹര്‍ജിക്കാര്‍ തൃപ്തി പ്രകടിപ്പിച്ചു. നഷ്ടപരിഹാരം എത്രയും വേഗം നല്‍കാന്‍ നിര്‍ദ്ദേശിച്ച് ജസ്റ്റിസ് എന്‍.നഗരേഷ് ഹര്‍ജി തീര്‍പ്പാക്കി.

അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്റെയും പരിക്കേറ്റ ഭാര്യ ആമിനയുടെയും നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള രേഖകളെല്ലാം ലഭിച്ചിട്ടില്ലെന്ന് ഏവിയേഷന്‍ കമ്പനി കോടതിയെ അറിയിച്ചിട്ടുണ്ട്. ഹര്‍ജിക്കാരോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. തൃപ്തികരമായ തീരുമാനമല്ല ഉണ്ടാകുന്നതെങ്കില്‍ നിയമപരമായ നടപടി സ്വീകരിയ്ക്കാമെന്നും ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button