കരിപ്പൂര്‍ : എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അപകടത്തിയപ്പെട്ടതിന് രണ്ടുമണിക്കൂർ മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇൻഡിഗോ വിമാനത്തിനും ലാൻഡുചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നതായി റിപ്പോർട്ട്. ബംഗളുരുവിൽ നിന്നെത്തിയ ഈ വിമാനം എയർപ്പോട്ടിനോട് അടുക്കുമ്പോൾത്തന്നെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെങ്കിലും ഒടുവിൽ സുരക്ഷിതമായി ലാൻഡുചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം 18 പേരുടെ മരണത്തിനിടയാക്കിയ എയർഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താൻ കഴിയാതിരിക്കെയാണ് ഈ സംഭവം പുറത്തുവന്നത്.
അപകടത്തിന്റെ കാരണത്തെക്കുറിച്ചറിയാൻ ഈ സൂചനകൾ സഹായിക്കുമെന്നാണ് കരുതുന്നത്. മറ്റൊരു വിമാനത്തിൽ നിന്നും ഇത്തരത്തിലുളള സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.ഇൻഡിഗോ വിമാനം ആകാശത്ത് ചുറ്റിക്കറങ്ങിയത് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് റിപ്പോർട്ട് ചെയ്യേണ്ടതല്ലാത്ത സംഭവം എന്നാണ് അദ്ദേഹം പറയുന്നത്.
അപകടത്തിൽപ്പെട്ട വിമാനം ലാൻഡുചെയ്യാനുളള ആദ്യ ശ്രമം പരാജയപ്പെട്ട് തിരിച്ച് പറന്നതിന് തൊട്ടു പിറകേ ഡൽഹിയിലേക്കുളള ഒരു എയർ ഇന്ത്യ വിമാനത്തിന് ടേക്ക് ഒഫ് ചെയ്യാൻ കരിപ്പൂരിലെ എയർ ട്രാഫിക് കൺട്രോൾ വിഭാഗം അനുമതി നൽകിയിട്ടുണ്ട്.
ദുബായിൽ നിന്ന് വന്ന ബോയിംഗ് വിമാനത്തിലെ ജീവനക്കാർ കാലാവസ്ഥാ പ്രശ്നത്തെക്കുറിച്ചോ വിമാനത്താവളത്തിൽ ആ സമയത്തുണ്ടായിരുന്ന മറ്റ് പ്രതികൂല സാഹചര്യങ്ങളെക്കുറിച്ചോ മുന്നറിയിപ്പ് നൽകിയിരുന്നില്ല എന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിലുളള മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ ലാൻഡുചെയ്യുന്നതോ ടേക്ക് ഒഫ് ചെയ്യുന്നതോടെ വിമാനങ്ങൾക്ക് എയർ ട്രാഫിക് കൺട്രോൾ വിഭാഗം മുന്നറിയിപ്പ് നൽകുമായിരുന്നു. അതേസമയം വിമാന അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
Post Your Comments