KeralaLatest NewsNews

കേരളത്തിലെ ട്രഷറികളുടെ സുരക്ഷയില്‍ ആശങ്ക, 74 ലക്ഷം നഷ്ടപ്പെട്ടിട്ടും മൂന്നുമാസം ആരും അറിഞ്ഞില്ല

ട്രഷറികളുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു

സുരക്ഷ ഉറപ്പാക്കാന്‍ ദ്വിതല സംവിധാനമുണ്ടായിട്ടും വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്ന് 74 ലക്ഷം രൂപ നഷ്ടമായ കാര്യം മൂന്നുമാസത്തോളം അറിഞ്ഞില്ല എന്നത് ഞെട്ടിക്കുന്ന വിവരമാണ്. വഞ്ചിയൂരിലെ സബ്ട്രഷറി തട്ടിപ്പുകേസ് പ്രതി മുൻപും പണം തട്ടിയെടുത്തെന്ന് വ്യക്തമായതോടെ ട്രഷറികളുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു.

അതേസമയം ബിജുലാല്‍ വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് രണ്ടുകോടി തട്ടിയത് തൊട്ടടുത്തദിവസം തന്നെ കണ്ടെത്തി എന്നു പറഞ്ഞാണ് ധനമന്ത്രി തോമസ് ഐസക് ആരോപണങ്ങളെ പ്രതിരോധിച്ചത്. ട്രഷറികള്‍ക്കുള്ള ദ്വിതല സുരക്ഷാസംവിധാനം തട്ടിപ്പുകള്‍ ഉടന്‍ കണ്ടെത്താന്‍ സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഏപ്രില്‍ 23 മുതല്‍ മേയ് 18 വരെ പല തവണയായി ബിജുലാല്‍ 74 ലക്ഷം രൂപ തട്ടിയെടുത്തിട്ടും അറിഞ്ഞില്ല എന്നത് ഗുരുതരവീഴ്ചയാണ്.

ധനമന്ത്രി തന്നെ അവകാശപ്പെട്ട രണ്ടുതരം പരിശോധനയിലും ഇക്കാര്യങ്ങള്‍ കണ്ടെത്തിയില്ല. ജില്ലാ ട്രഷറികളില്‍ കംപ്യൂട്ടര്‍ അഡ്മിനിസ്ട്രേഷന്റെ ഭാഗമായി ജില്ലാ കോര്‍ഡിനേറ്ററും അഡ്മിനിസ്ട്രേറ്ററും ഉണ്ട്. സുരക്ഷയുടെ ഭാഗമായി കോര്‍ഡിനേറ്ററെ 12 മാസത്തിലൊരിക്കലും അഡ്മിനിസ്ട്രേറ്ററിനെ ആറുമാസത്തിലൊരിക്കലും മാറ്റിനിയമിക്കണം എന്ന് ട്രഷറി ഡയറക്ടര്‍ മുമ്ബ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ജില്ലാ ട്രഷറികളിലൊന്നും നിര്‍ദേശം പാലിക്കപ്പെടുന്നില്ല. ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കുകയും സോഫ്റ്റ് വെയര്‍ പാളിച്ചകള്‍ അടിയന്തരമായി പരിഹരിക്കുകയും ചെയ്താലേ സംസ്ഥാന ഖജനാവിന്റെ വിശ്വാസ്യത വീണ്ടെടുക്കാനാവൂ.

shortlink

Post Your Comments


Back to top button