തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള വിതരണ സോഫ്‌റ്റ്‌വെയറായ സ്പാര്‍ക്കില്‍ തട്ടിപ്പ് നടത്തി വ്യാജ ശമ്പള ബില്ലുണ്ടാക്കി ട്രഷറിയില്‍ നിന്ന് 7.88 ലക്ഷം തട്ടിയെടുത്തക്ലർക്ക് അറസ്റ്റിൽ. കിളിമാനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്ലാര്‍ക്ക് റിയാസ് കലാമിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത് .വിരമിച്ച അദ്ധ്യാപകരെയും സര്‍വീസില്‍ ഇല്ലാത്തവരെയും വ്യാജമായി ഉള്‍പ്പെടുത്തി 2011ജൂലായ് മുതല്‍ 2015 ഒക്ടോബര്‍ വരെയാണ് തട്ടിപ്പ് നടത്തിയത്. സ്കൂളിലെ ഹെഡ്‌മാസ്റ്ററായിരുന്ന കെ.രാജന്‍ കേസില്‍ രണ്ടാം പ്രതിയാണ്. ശമ്പളവിതരണച്ചുമതലയുള്ള ഡി.ഡി.ഒയുടെ ചുമതലയുണ്ടായിരുന്ന രാജന്റെ സ്പാര്‍ക്ക് യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്
റിയാസായിരുന്നു.ക്രമക്കേട് കണ്ടെത്തിയപ്പോള്‍ രണ്ടു പ്രതികളും ചേര്‍ന്ന് സ്കൂളിലെ അക്വിറ്റന്‍സ് രജിസ്റ്റര്‍, ട്രഷറി ബില്‍ ബുക്ക്, പി.എഫ് അപേക്ഷകള്‍ തുടങ്ങിയ രേഖകള്‍ നശിപ്പിച്ചു. വിജിലന്‍സ് അന്വേഷണത്തില്‍ ഒന്നാം പ്രതി റിയാസിന്റെ വീട്ടില്‍ നിന്ന് ഔദ്യോഗിക രേഖയായ കാഷ് ബുക്ക് കണ്ടെത്തി. കിളിമാനൂര്‍ ഹൈസ്കൂളില്‍ നിന്ന് ഇവര്‍ ക്രമക്കേട് കാട്ടിയ മൂന്ന് കാഷ് ബുക്കുകള്‍ കണ്ടെടുത്തു. പണാപഹരണം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇരുവരെയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു.ഒന്നാം പ്രതി റിയാസ്, ഭാര്യയുടെ മൊബൈല്‍ ഫോണില്‍ നിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന എം.എസ്.ജയയെ വിളിച്ച്, മുഖ്യമന്ത്രിയാണ് വിളിക്കുന്നതെന്നും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് എം.എസ്.ജയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.ഷീലാകുമാരി സ്കൂളില്‍ ജോലിചെയ്തിട്ടില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ റിയാസിനെ വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഡിവൈ.എസ്.പി അബ്ദുല്‍ വഹാബ്, ഇന്‍സ്‌പെക്ടര്‍ സജി ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി. ഇവരുടെ തട്ടിപ്പ് ഇങ്ങനെ, 2014 മാര്‍ച്ചില്‍ ഹൈസ്കൂള്‍ അദ്ധ്യാപകരായി വിരമിച്ച വദനകുമാരി, അംബികാ കുമാരി എന്നിവരുടെ വിരമിക്കല്‍ തീയതി സോഫ്‌റ്റ്‌വെയറില്‍ തിരുത്തി പണം തട്ടിയെടുക്കുകയായിരുന്നു.
ഇവര്‍ വിരമിച്ച ശേഷം 2014 ഒക്ടോബര്‍ മുതല്‍ 2015ആഗസ്റ്റ് വരെ വ്യാജ ശമ്പള ബില്ലുണ്ടാക്കി. ബില്ലുകളുടെ കൃത്യത പരിശോധിക്കാതെ ഹെഡ്‌മാസ്റ്റര്‍ രാജന്‍ ഒപ്പിട്ടു നല്‍കി. ഈ ബില്ലുകള്‍ നല്‍കി കിളിമാനൂര്‍ സബ് ട്രഷറിയില്‍ നിന്ന് പണം മാറിയെടുത്തു. അദ്ധ്യാപകരുടെ ശമ്പള അക്കൗണ്ടിലേക്ക് മാറ്റുന്നതിനു പകരം പണം കൈയില്‍ വാങ്ങി അക്വിറ്റന്‍സ് രജിസ്റ്ററില്‍ കൃത്രിമം കാട്ടുകയും ചെയ്തു. വദനകുമാരിയുടെ പേരില്‍ 4,11,362 രൂപയും അംബികാ കുമാരിയുടെ പേരില്‍ 3,15,544 രൂപയുമാണ് തട്ടിയെടുത്തത്.
അദ്ധ്യാപകരുടെ പട്ടികയില്‍ ഇല്ലാത്ത ഷീലാകുമാരിയെ സ്കൂളിലെ അദ്ധ്യാപികയായി സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തിയും വ്യാജ ശമ്പള ബില്‍ തയ്യാറാക്കി. 2018 ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ ശമ്പളമായി 61,183 രൂപയും തട്ടിയെടുത്തു. രണ്ട് പ്രതികളും ചേര്‍ന്ന് 7.88,089 രൂപയാണ് തട്ടിയത്.
Post Your Comments