കരിപ്പൂർ : വിമാനം അപകടം സംഭവിക്കുന്നതിന് മുൻപ് രണ്ട് വട്ടം ഇറങ്ങാനുള്ള ശ്രമം പരാജയപ്പെട്ടെന്ന് റിപോർട്ടുകൾ. ഫ്ലൈറ്റ്റഡാർ24 എന്ന വെബ്സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്. ആകാശത്ത് നിരവധി തവണ വലംവെച്ച ശേഷമാണ് വിമാനം റൺവേയിലേക്ക് ഇറങ്ങിയതെന്നും ഇവർ പറയുന്നു.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവർത്തിച്ച വിമാനത്തിന് 13 വർഷത്തെ പഴക്കമാണ് ഉണ്ടായിരുന്നത്. ആകാശത്ത് നിന്ന് താഴേക്ക് വന്ന വിമാനത്തിന്റെ പിൻചക്രം റൺവേയിൽ തൊട്ടത് പാതിയോളം പിന്നിട്ട ശേഷമാണെന്നാണ് വിവരം. ഇവിടെ നിന്ന് വീണ്ടും 25 മീറ്റർ കൂടി മുന്നോട്ട് പോയ ശേഷമാണ് വിമാനത്തിന്റെ മുൻ ചക്രങ്ങൾ നിലത്ത് തൊട്ടത്. ഈ ഘട്ടത്തിൽ വിമാനം ഏറെ ദൂരം മുന്നോട്ട് പോയെന്ന് പൈലറ്റുമാർക്ക് മനസിലായി. തുടർന്ന് വിമാനം നിയന്ത്രിക്കാനും അപകടം ഒഴിവാക്കാനും ശ്രമം നടത്തി. എന്നാൽ ഇത് വിജയം കണ്ടില്ല. മുന്നിലോട്ട് നീങ്ങി തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണെന്നാണ് കരുതുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് (IX1344) വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിലുണ്ടായിരുന്ന 191 പേരെയും മലപ്പുറം കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. 174 മുതിർന്നവരും 10 കുട്ടികളും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 17 പേർ മരിച്ചതായാണ് വിവരം. രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായിട്ടുണ്ടെന്ന് ജില്ലാ കളക്റ്റർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു.
Post Your Comments