ന്യൂയോര്‍ക്ക്: 3 മാസ കാലയളവില്‍ ചൈനീസ് ബന്ധമുള്ള 2,500ലധികം യൂട്യൂബ് ചാനലുകള്‍ നീക്കം ചെയ്തതായി ഗൂഗിള്‍. വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് ഇത്രയും ചാനലുകള്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് റദ്ദാക്കിയതെന്ന് ഗൂഗിള്‍ അറിയിച്ചു. രാഷ്ട്രീയേതര ഉള്ളടക്കങ്ങളുള്ള ചാനലുകളാണ് ഒഴിവാക്കിയവയതില്‍ ഭൂരിഭാഗവും എന്നാണ് ഗൂഗിള്‍ റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ രാഷ്ട്രീയ ചാനലുകളും ഉള്‍പ്പെടുന്നുണ്ട്.
ചൈനയുമായി ബന്ധപ്പെട്ട ഏകോപിത സ്വാധീന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 2,596 ചാനലുകള്‍ നീക്കംചെയ്തുവെന്ന് ഗൂഗിള്‍ പറഞ്ഞു. ഈ ചാനലുകള്‍ കൂടുതലും സ്പാം അല്ലെങ്കില്‍ രാഷ്ട്രീയേതര ഉള്ളടക്കം ഓണ്‍ലൈനില്‍ ഇടുന്നു, പക്ഷേ ഒരു ചെറിയ ഉപവിഭാഗം പ്രധാനമായും ചൈനീസ് ഭാഷയിലാണ് രാഷ്ട്രീയ ഉള്ളടക്കം പ്രസിദ്ധീകരിച്ചത്. ചിലത് കോവിഡ് -19 പാന്‍ഡെമിക്കിനോടുള്ള യുഎസ് പ്രതികരണവുമായി ബന്ധപ്പെട്ടവയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സാങ്കേതികവിദ്യയും സോഷ്യല്‍ മീഡിയയും സംബന്ധിച്ച് യു.എസും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് യൂട്യൂബ് ചാനലുകള്‍ നീക്കിയതുമായി ബന്ധപ്പെട്ട ഗൂഗിളിന്റെ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്.
അതേസമയം ചൈനീസ് ഉടമസ്ഥതയിലുള്ള മാതൃ കമ്പനികള്‍ വില്‍ക്കുന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കും വെചാറ്റും 45 ദിവസത്തിനുള്ളില്‍ യുഎസില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. അതേസമയം കൈമാറാന്‍ തയ്യാറായില്ലെങ്കിലോ ആരും വാങ്ങിയില്ലെങ്കിലോ രാജ്യത്ത് ഈ ആപ്പുകളെല്ലാം തന്നെ നിരോധിക്കുമെന്നും ടിക്ക് ടോക്ക് വ്യക്തിവിവരങ്ങള്‍ അനുവാദം ഇല്ലാതെ കൈയടക്കുന്നുവെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഇതോടെ സിഇഒ സത്യ നാഡെല്ലയും പ്രസിഡന്റും തമ്മിലുള്ള സംഭാഷണത്തെത്തുടര്‍ന്ന് ടിക്ക്ടോക്ക് ആപ്ലിക്കേഷന്‍ സ്വന്തമാക്കാനുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോവുകയാണെന്ന് മൈക്രോസോഫ്റ്റ് ഞായറാഴ്ച പറഞ്ഞു. ടിക് ടോക്കിനെ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ, ചൈനീസ് ആസ്ഥാനമായുള്ള ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പ് ചാറ്റ് ആപ്ലിക്കേഷനായ വി ചാറ്റിനെതിരെയും ട്രംപ് സമാനമായ ഉത്തരവ് പുറപ്പെടുവിച്ചു. ഉപയോക്താക്കള്‍ക്ക് പരസ്പരം പണം കൈമാറാനുള്ള സൗകര്യം ആപ്പ് ഒരുക്കുന്നുണ്ടെന്നും ഇത് നിരോധിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു.
Post Your Comments