കണ്ണൂര്‍ : രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ രാഹുല്‍ ഗാന്ധി മൗനം പാലിക്കുന്നതിൽ ദുരൂഹതയെന്ന് ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. രാഹുല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാവ് മാത്രമല്ല, കേരളത്തില്‍നിന്നുള്ള ജനപ്രതിനിധി കൂടിയാണ് ഇത്തരത്തിൽ രാഹുല്‍ തുടരുന്ന മൗനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
ഡല്‍ഹിയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണ് രാഹുലിന്റെ മൗനമെന്നും ചെന്നിത്തലയും മുല്ലപ്പള്ളിയും ഇതില്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ നിരവധി തവണ സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മൗനം പാലിക്കുന്നത് മാര്‍ക്സിസ്റ്റ്-കോണ്‍ഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണ്.
അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ്-സി.പി.എം. സഖ്യം ഇപ്പോള്‍ യാഥാര്‍ഥ്യമാണ്. ബംഗാളില്‍ മാര്‍ക്സിസ്റ്റ്-കോണ്‍ഗ്രസ് സഖ്യം നിലവില്‍ വന്നുവെന്ന് മാത്രമല്ല അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒന്നിച്ചുള്ള പ്രചാരണം നടക്കാന്‍ പോവുകയാണ്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് സി.പി.എം. അംഗങ്ങള്‍ പിന്‍തുണ നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതേ അവിശുദ്ധ സഖ്യം കേരളത്തിലും അരങ്ങേറുമെന്ന സൂചനയാണ് ഇപ്പോള്‍ വ്യക്തമാകുന്നതെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
ഒരു ഭാഗത്ത് സി.പി.എമ്മുമായി കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം ധാരണയിലാവുകയും മറുഭാഗത്ത് കേരളത്തില്‍ പ്രതിപക്ഷ നേതാവും കെ.പി.സി.സി. പ്രസിഡന്റും പ്രസ്താവനയും പ്രക്ഷോഭവും നടത്തുകയെന്നതും ഏറ്റവും വലിയ രാഷ്ട്രീയതട്ടിപ്പാണ്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ പ്രധാന ആസൂത്രകയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുമായി കാഷ്വല്‍ ബന്ധമുണ്ടെന്നും കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിലുണ്ട്. ഇനി മുഖ്യമന്ത്രിക്ക് ഒന്നും മറച്ച് വെക്കാനില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മാത്രമല്ല മുഖ്യമന്ത്രിക്ക് തന്നെ സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ എത്രയും വേഗം സ്ഥാനം രാജിവെക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments