ന്യൂഡല്‍ഹി : ചൈനയുടെ നിലപാട് ദുരൂഹം , ചൈനയുടെ ആവശ്യം ഇന്ത്യ തള്ളി. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു പരിഹാരവഴി തേടിയുള്ള ഇന്ത്യ – ചൈന സേനാ കമാന്‍ഡര്‍മാരുടെ അഞ്ചാം വട്ട കൂടിക്കാഴ്ചയും പരാജയപ്പെട്ടതോടെ അതിര്‍ത്തിയില്‍ ദീര്‍ഘ കാലം തങ്ങാനുള്ള തയാറെടുപ്പുകള്‍ നടത്താന്‍ ഇന്ത്യ സൈനികരോട് ആവശ്യപ്പെട്ടു. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും ഇന്ത്യ കൂടുതല്‍ പിന്‍വാങ്ങണമെന്ന് ചൈന വീണ്ടും ആവശ്യപ്പെട്ടതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.
മുന്‍പു നടന്ന ചര്‍ച്ചകളുടെ ഫലമായി ഗല്‍വാന്‍, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളില്‍ നിന്ന് അടുത്തിടെ ചൈന പിന്മാറിയെങ്കിലും പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ഡെപ്സാങ് എന്നിവിടങ്ങളില്‍ അവര്‍ ഇപ്പോഴും ഇന്ത്യന്‍ ഭാഗത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. പാംഗോങ് മേഖലയില്‍ നിന്ന് പരസ്പരവും തുല്യവുമായ പിന്‍വാങ്ങല്‍ സാധ്യമല്ലെന്ന നിലപാട് ഇന്ത്യ ചൈനയെ അറിയിച്ചു.
ലേ ആസ്ഥാനമായുള്ള 14 സേനാ കോര്‍ മേധാവി ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്, ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന് എന്നിവര്‍ തമ്മില്‍ അതിര്‍ത്തിയില്‍ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോയില്‍ ഓഗസ്റ്റ് രണ്ടിനാണ് അഞ്ചാം വട്ട കൂടിക്കാഴ്ച നടത്തിയത്.
Post Your Comments