COVID 19KeralaLatest NewsNews

കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത സ്ഥലങ്ങളിലും കർശന പരിശോധന

തിരുവനന്തപുരം • കണ്ടെയിൻമെൻറ് സോൺ അല്ലാത്ത സ്ഥലങ്ങളിൽ മാസ്‌ക്ക് ധരിക്കലും വാഹനങ്ങളിലെ അധിക യാത്രക്കാരുടെ എണ്ണവും പരിശോധിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിൽ വാഹനപരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുസ്ഥലങ്ങളിൽ എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മാസ്‌ക് ധരിക്കാത്ത 7300 സംഭവങ്ങൾ സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റീൻ ലംഘിച്ച നാലു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

കോൺടാക്ട് ട്രേസിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി സബ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയ സംവിധാനം പ്രവർത്തനം തുടങ്ങി. കണ്ടെയിൻമെൻറ് മേഖലകളിൽ പൊലീസിന്റെ മോട്ടോർ സൈക്കിൾ ബ്രിഗേഡിന്റെ സേവനം ശക്തിപ്പെടുത്തി. ജനങ്ങൾ കൂട്ടം കൂടുന്ന ആശുപത്രികൾ, ബസ് സ്റ്റാൻറുകൾ, കല്യാണവീടുകൾ, മരണവീടുകൾ, മാർക്കറ്റ്, തുറമുഖം എന്നിവിടങ്ങളിൽ പൊലീസ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.

പോലീസിന് കൂടുതൽ ചുമതലകൾ നൽകിയതിനെ ചിലർ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്. കോൺടാക്ട് ട്രെയിസിങ്ങിന് പൊലീസിന്റെ അന്വേഷണമികവ് ഉപയോഗിക്കും എന്നു പറയുന്നത് ആ മേഖലയിൽ പഴുതുകളടച്ചുള്ള സമീപനമുണ്ടാകണം എന്നതുകൊണ്ടാണ്. ഇതു പറഞ്ഞപ്പോൾ ആരോഗ്യപ്രവർത്തകരെ ഒഴിവാക്കുകയാണോ എന്ന് ചിലർക്ക് തോന്നി. ആരോഗ്യപ്രവർത്തകർ ചെയ്യേണ്ട ഒരു ജോലിയും പൊലീസിന് കൈമാറിയിട്ടില്ല. അതേസമയം, ആരോഗ്യസംവിധാനത്തെയും പ്രവർത്തകരെയും സഹായിക്കുക എന്ന ജോലിയാണ് പോലീസിനെ അധികമായി ഏൽപ്പിച്ചത്. ഇതുവരെ സമ്പർക്കവ്യാപനത്തെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തുകയും സമ്പർക്കംമൂലം രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്ത ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് പൊലീസ് സഹായം നൽകിയിരുന്നു. രോഗവ്യാപനം വർധിച്ച ഈ ഘട്ടത്തിൽ ആ ഉത്തരവാദിത്തം കൂടുതലായി പൊലീസിനെ ഏൽപിക്കുകയാണ് ചെയ്തത്. അതിൽ തെറ്റിദ്ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരുപാട് യാത്രചെയ്തവരുണ്ടാകാം, വിപുലമായ സമ്പർക്കപ്പട്ടികയുള്ളവരുണ്ടാകാം. അത്തരം സാഹചര്യങ്ങളിൽ സൈബർ സഹായം ഉൾപ്പെടെ ആവശ്യമായി വരും. മൊബൈൽ സേവനദാതാക്കളെ ബന്ധപ്പെടേണ്ടി വരും. ഇതിൽ ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ പോലീസിന് മികച്ച രീതിയിൽ സാധിക്കും. അതിനുള്ള സംവിധാനങ്ങളും അന്വേഷണമികവും പോലീസിനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button