കോവിഡ്-19 വാക്സിൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ റഷ്യയോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. തിരക്കിട്ട് വാക്സിൻ പുറത്തിറക്കി ജനങ്ങൾക്ക് നൽകുന്നത് മറ്റൊരു ദുരന്തത്തിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊറോണ വൈറസ് വാക്സിൻ സെപ്റ്റംബറിൽ വൻതോതിൽ ഉത്പാദിപ്പിക്കാനും അടുത്ത വർഷത്തോടെ പ്രതിമാസം നിരവധി ദശലക്ഷം ഡോസുകൾ നൽകാനും ലക്ഷ്യമിടുന്നതായി റഷ്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്. സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ നിർമിക്കുന്നതിനുള്ള വ്യവസ്ഥാപരമായ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് നിർദേശം.
മോസ്കോയിലെ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷിച്ച ഒരു വാക്സിൻ വിജയിച്ചെന്നും സംസ്ഥാന റജിസ്ട്രേഷൻ പാസാകാൻ പോകുകയാണെന്നുമാണ് റഷ്യ അറിയിച്ചത്. സെപ്റ്റംബറിൽ വൻതോതിൽ ഉൽപാദനം ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും വ്യവസായ മന്ത്രി ഡെനിസ് മാന്റുറോവ് സംസ്ഥാന വാർത്താ ഏജൻസി ടാസിനോട് വ്യക്തമാക്കിയിരുന്നു. റഷ്യ വാക്സിനുകൾ വികസിപ്പിക്കുന്നതിന്റെ വേഗത്തെക്കുറിച്ച് പടിഞ്ഞാറൻ ശാസ്ത്രജ്ഞർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. വാക്‌സിൻ വിതരണം ചെയ്യാൻ അധികാരികളുടെ സമ്മർദത്തെത്തുടർന്ന് ഗവേഷകർ നിർബന്ധിതരാകുകയാണെന്നും ആരോപണമുണ്ട്.
Post Your Comments