ദില്ലി: ആഭ്യന്തര കാര്യങ്ങളില്‍ പ്രതികരിക്കരുതെന്ന് ചൈനയ്ക്ക് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ മറുപടി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ട ചൈനയുടെ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനവുമായി വിദേശ കാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് അനുരാഗ് ശ്രീവാസ്തവ രംഗത്തെത്തിയത്. ജമ്മു കശ്മീരിലെ ഏകപക്ഷീയമായ മാറ്റം നിയമവിരുദ്ധവും അസാധുവാണെന്നും ബീജിംഗിലെ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ പ്രതികരണം.
ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെ കുറിച്ചുള്ള ചൈനീസ് എംഎഫ്എ വക്താവിന്റെ അഭിപ്രായങ്ങള്‍ തങ്ങള്‍ ശ്രദ്ധിച്ചുവെന്നും ചൈനീസ് വിഭാഗത്തിന് ഇക്കാര്യത്തില്‍ യാതൊരുവിധ നിലപാടും ഇല്ലെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കരുതെന്നും ശ്രീവാസ്തവ പറഞ്ഞു.
ഉഭയകക്ഷി കരാറുകളില്‍ ഏകപക്ഷീയമായി മാറ്റം വരുത്തുന്നത് നിയമവിരുദ്ധം ആണെന്നായിരുന്നു ചൈനീസ് വിദേശ കാര്യ വക്താവിന്റെ പ്രതികരണം. ജമ്മു കശ്മീരിലേക്കുള്ള പ്രത്യേക പദവി റദ്ദാക്കി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനെക്കുറിച്ചും ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിനെക്കുറിച്ചും പാകിസ്ഥാന്‍ ലേഖകന്‍ ചോദിച്ച ചോദ്യത്തെ തുടര്‍ന്നാണ് ചൈനീസ് വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ചൊവ്വാഴ്ച, പാകിസ്ഥാന്റെ പുതിയ ‘രാഷ്ട്രീയ ഭൂപടത്തിലും’ എം.ഇ.എ. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തിറക്കിയ പാക്കിസ്ഥാന്റെ രാഷ്ട്രീയ ഭൂപടം തങ്ങള്‍ കണ്ടു. ഇത് രാഷ്ട്രീയ അസംബന്ധത്തിനുള്ള ഒരു അഭ്യാസമാണ്, ഇന്ത്യന്‍ സംസ്ഥാനമായ ഗുജറാത്തിലെയും നമ്മുടെ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലെയും ലഡാക്കിലെയും പ്രദേശങ്ങള്‍ക്ക് അവകാശപ്പെടാനാവാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു. പരിഹാസ്യമായ ഈ വാദങ്ങള്‍ക്ക് നിയമപരമായ സാധുതയോ അന്താരാഷ്ട്ര വിശ്വാസ്യതയോ ഇല്ലെന്നും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.
Post Your Comments