കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്തും കണക്കാക്കുന്നത്
തിരുവനതപുരം • പ്രാഥമിക പരിശോധനയിൽ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്തും കണക്കാക്കുന്നത്. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള International Guidelines For Certification And Classification (Coding) Of Covid-19 As Cause Of Death എന്ന ഇന്റർനാഷണൽ ഗൈഡ്‌ലൈൻ അനുസരിച്ചാണ് ഇവിടെയും കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. International Statistical Classification of Diseases അടിസ്ഥാനമാക്കിയുള്ളതാണ് ഈ മാനദണ്ഡം. ഇതനുസരിച്ച് കോവിഡ് മൂർച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയൂ. ഇക്കാര്യത്തിൽ ആരോഗ്യ രംഗത്തെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഒരാൾ കോവിഡ് സംശയിക്കപ്പെടുന്ന സമയത്താണ് മരണമടഞ്ഞതെങ്കിൽ അപ്പോൾ തന്നെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഇതുസംബന്ധിച്ചുള്ള വിദഗ്ധ പരിശോധനയും മെഡിക്കൽ റിപ്പോർട്ടും ഡോക്ടർമാരുടങ്ങുന്ന വിദഗ്ധ സമിതി പരിശോധിച്ചാണ് സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധിച്ച ഒരാൾ മുങ്ങിമരണം, ആത്മഹത്യ, അപകടം എന്നിവയിലൂടെ മരണമടഞ്ഞാൽ അതിനെ കോവിഡ് മരണത്തിൽ ഉൾപ്പെടുത്തില്ല. ഗുരുതരമായ അസുഖങ്ങൾ ഉള്ള ഒരാൾ അത് മൂർച്ഛിച്ച് മരണമടയുന്നുവെങ്കിൽ പോസിറ്റീവാണെങ്കിൽ പോലും കോവിഡ് മരണത്തിൽ പെടില്ല. ഇതുസംബന്ധിച്ച് ആ രോഗിയെ പരിശോധിച്ച ആശുപത്രിയിൽ നിന്നും ലഭിക്കുന്ന മെഡിക്കൽ റിപ്പോർട്ട് വിദഗ്ധ സമിതി വിലയിരുത്തിയാണ് കോവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കുന്നത്. എറണാകുളത്ത് ആത്മഹത്യ ചെയ്ത 23 വയസുകാരന് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും കോവിഡ് മരണത്തിൽപ്പെടുത്തിയിട്ടില്ല. അതേസമയം പ്രായാധിക്യവും മറ്റ് പല അസുഖങ്ങൾ ഉണ്ടെങ്കിൽ പോലും കോവിഡ് മൂലം മറ്റവയവങ്ങളെ ബാധിച്ച് മരിച്ചാൽ അതിനെ കോവിഡ് മരണത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ജൂലൈ 31ന് മരിച്ച 68 വയസുള്ള തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുടെ മരണം എൻഐവി ആലപ്പുഴയുടെ പരിശോധനാഫലത്തിന് ശേഷം കോവിഡ് മരണമായി സ്ഥിരീകരിക്കുകയും ആഗസ്റ്റ് മൂന്നിലെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പറയുകയും ചെയ്തിരുന്നു.
ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചാൽ ഉടൻ തന്നെ സാമ്പിളുകൾ അതേ ആശുപത്രിയിൽ തന്നെയുള്ള കോവിഡ് ലാബിലോ അംഗീകൃത ലാബില്ലായെങ്കിൽ തൊട്ടടുത്ത കോവിഡ് ലാബിലോ പരിശോധനയ്ക്കായി അയയ്ക്കും. മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചാലും മരണത്തിൽ ഡോക്ടർക്ക് സംശയം തോന്നിയാലും സാമ്പിളുകൾ ലാബിലേക്കയയ്ക്കും. കാലതാമസം ഉണ്ടാകാതിരിക്കാൻ ജീൻ എക്പേർട്ട് ടെസ്റ്റോ, ട്രൂനാറ്റ് ടെസ്റ്റോ നടത്തിയാണ് മൃതദേഹം വിട്ടുകൊടുക്കുന്നത്. ട്രൂനാറ്റ് ടെസ്റ്റിൽ പോസിറ്റീവാണെന്ന് കരുതി എല്ലായിപ്പോഴും പോസീറ്റീവാകണമെന്നില്ല. മറ്റ് ഗുരുതര രോഗങ്ങളുള്ളവർക്കും ചിലപ്പോൾ പോസിറ്റീവ് ആകും. ആശുപത്രിയിൽ നിന്നും മൃതദേഹം വിട്ടുകൊടുക്കുമ്പോൾ കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞേ വിട്ടുകൊടുക്കൂ. മാത്രമല്ല കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും മൃതദേഹം സംസ്‌കരിക്കുക. അതേസമയം മൃതദേഹത്തിൽ നിന്നെടുത്ത സാമ്പിൾ കേന്ദ്ര സർക്കാരിന്റെ എൻഐവി ആലപ്പുഴയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ആദ്യം മുതലേ സംശയമുള്ള എല്ലാ കേസുകളും എൻഐവി ആലപ്പുഴയിലയച്ചാണ് സ്ഥിരീകരിക്കുന്നത്. എൻഐവി ആലപ്പുഴയിൽ നിന്നും ലഭിക്കുന്ന ഫലവും ആശുപത്രി നൽകുന്ന മെഡിക്കൽ റിപ്പോർട്ടും വിലയിരുത്തിയാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. സ്ഥിരീകരിക്കുന്ന മരണം അന്ന് തന്നെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലോ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ് റിലീസിലോ പേരും വയസും സ്ഥലവും സഹിതം ഉൾപ്പെടുത്താറുണ്ട്. അതിനാൽ കോവിഡ് മരണം മറച്ച് വയ്ക്കുന്നു എന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. എൻഐവി ആലപ്പുഴയിൽ സാമ്പിളികൾ അയച്ച് കിട്ടുന്ന മുറയ്ക്ക് കാലതാമസമില്ലാതെ വിലയിരുത്തി മരണം പ്രഖ്യാപിക്കാറാണ് പതിവ്.
കോവിഡ് മരണത്തിൽ ഉൾപ്പെടുത്തിയില്ല എന്ന് ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ പേരുകൾ പലതും തൊട്ടടുത്ത ദിവസങ്ങളിൽ സ്ഥിരീകരണത്തിന് ശേഷം സർക്കാർ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയതായി കാണാം. മാനദണ്ഡങ്ങൾ അനുസരിച്ച് ഉൾപ്പെടുത്താൻ കഴിയാത്തവ ഒഴിവാക്കിയിട്ടുമുണ്ട്. ഉൾപ്പെടുത്തിയതും ഒഴിവാക്കിയതുമായ വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments