കൊല്ലം : ജില്ലാ ജയിലിലെ അന്തേവാസികള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. അഗ്നിസുരക്ഷാ വകുപ്പിന്റെ സഹായത്തോടെ ജയില്‍ ഓഫീസും സെല്ലുകളും അണുമുക്തമാക്കി. രോഗലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഫ്‌ളാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് അന്തേവാസികളുടെ ശരീരോഷ്മാവ് അളക്കുന്നുണ്ട്. 30 പേരുടെ ആന്റിജന്‍ ടെസ്റ്റ് ഉടന്‍ നടത്താനും നിര്‍ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
പനി ലക്ഷണങ്ങളെ തുടര്‍ന്ന് അന്തേവാസികളുടെ സ്രവം പരിശോധിച്ചതില്‍ നിന്നാണ് 57 പേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ഗുരുതര രോഗലക്ഷണങ്ങള്‍ ഉണ്ടായ അഞ്ചുപേരെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബാക്കിയുള്ളവരെ ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ ടി ഐയില്‍ തുടങ്ങിയ പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നിവാസിയായ ജില്ലാ ജയിലിലെ ഒരു ഉദ്യോഗസ്ഥനില്‍ നിന്നാണ് അന്തോവാസികള്‍ക്ക് രോഗം പകര്‍ന്നതായി സംശയിക്കുന്നത്. ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments