ന്യൂഡൽഹി : അമ്മയുടെ നിർബന്ധത്തിൽ മോഷണം നടത്തിയ 12 വയസ്സുകാരൻ പിടിയിൽ. ഡൽഹി അംബേദ്കർ നഗറിൽ നിർത്തിയിട്ട കാറിൽനിന്നും 1.2 ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് കുട്ടിയെ പിടികൂടിയത്. മോഷണമുതൽ സൂക്ഷിച്ചതിന് കുട്ടിയുടെ മുത്തശ്ശിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, 12-കാരന്റെ അമ്മ ഒളിവിൽപോയിരിക്കുകയാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ജൂലായ് 27-നാണ് നിർത്തിയിട്ട കാറിൽനിന്നും 1.2 ലക്ഷം രൂപ അടങ്ങിയ ബാഗ് മോഷണം പോയത്. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുട്ടി മോഷ്ടാവിനെ തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം ഈ 12-കാരനെ പിടികൂടുകയും ചെയ്തു.
എന്നാൽ പിടിയിലായതോടെ 12-കാരൻ നൽകിയ മൊഴിയാണ് പോലീസിനെ ഞെട്ടിച്ചത്. അമ്മയുടെ നിർദേശപ്രകാരമാണ് കാറിൽനിന്ന് പണം മോഷ്ടിച്ചതെന്നും അമ്മയും മുത്തശ്ശിയും തന്നെ മോഷണത്തിന് ഉപയോഗിക്കുന്നത് പതിവാണെന്നുമായിരുന്നു 12-കാരന്റെ മൊഴി. കാറിലെ മോഷണത്തിന് അമ്മയാണ് കൃത്യമായ നിർദേശങ്ങൾ നൽകിയതെന്നും വെളിപ്പെടുത്തി. ഇതോടെയാണ് കുട്ടിയുടെ അമ്മയിലേക്കും മുത്തശ്ശിയിലേക്കും അന്വേഷണം നീണ്ടത്.
മോഷണം പോയ പണത്തിൽ 1.10 ലക്ഷം രൂപ ഇതുവരെ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മുത്തശ്ശിയാണ് പണമടങ്ങിയ ബാഗ് സൂക്ഷിച്ചിരുന്നത്. ഇതിൽ 1.05 ലക്ഷം രൂപയുണ്ടായിരുന്നു. 5000 രൂപ കുട്ടിയിൽനിന്നും കണ്ടെടുത്തു.
Post Your Comments