മുംബൈ: താരങ്ങളുടെ വേതനവുമായി ബന്ധപ്പെട്ട് ബിസിസിഐയെ നാണംകെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങള്‍. 10 മാസമായി നായകന്‍ വിരാട് കോലിയടക്കം കരാറിലുള്ള 27 താരങ്ങള്‍ക്ക് ബിസിസിഐ വേതനവും മാച്ച് ഫീയും നല്‍കിയിട്ടില്ല എന്നാണ് ഇന്ത്യന്‍ എക്‌സ്‌പ്രസിന്‍റെ റിപ്പോര്‍ട്ട്. രണ്ട് ടെസ്റ്റുകളുടേയും ഒന്‍പത് ഏകദിനങ്ങളുടേയും എട്ട് ടി20 മത്സരങ്ങളുടേയും മാച്ച് ഫീയാണ് ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്ക് നല്‍കാത്തത്.
ഇത്തരത്തില്‍ ബിസിസിഐ 100 കോടിയോളം രൂപയാണ് താരങ്ങള്‍ക്ക് കൈമാറാനുള്ളത്. ബിസിസിഐ കരാര്‍ പ്രകാരം എ ഗ്രേഡിലുള്ള വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്‌പ്രീത് ബുമ്ര എന്നിവര്‍ക്ക് ഏഴ് കോടിയും എ ഗ്രേഡുകാര്‍ക്ക് അഞ്ച് കോടിയും ബി ഗ്രേഡുകാര്‍ക്ക് മൂന്ന് കോടിയും സി ഗ്രേഡുകാര്‍ക്ക് ഒരു കോടിയും വീതവുമാണ് വാര്‍ഷിക വേതനം. ഓരോ ടെസ്റ്റ് മത്സരങ്ങള്‍ക്കും 15 ലക്ഷവും ഏകദിനത്തിന് 6 ലക്ഷവും ടി20ക്ക് മൂന്ന് ലക്ഷവുമാണ് മാച്ച് ഫീ. പത്ത് മാസമായി പണം ലഭിച്ചിട്ടില്ല എന്ന് എട്ട് താരങ്ങള്‍ക്ക് ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് വെളിപ്പെടുത്തി. അതേസമയം ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയോ ട്രഷറര്‍ അരുണ്‍ ധുമാലോ ധുമാലോ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ബോര്‍ഡിന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഇല്ലാത്തതും പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ജനറല്‍ മാനേജര്‍ എന്നീ നിര്‍ണായക തസ്തികകളും ബിസിസിഐയില്‍ ഒഴിഞ്ഞുകിടക്കുകയാണ്.
Post Your Comments