റിയാദ് : സൗദിയിൽ വൻ തീപിടിത്തം. റിയാദിലെ ഹയ്യ് മസാനഇൽ രണ്ട് ഗോഡൗണുകളിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. സിവിൽ ഡിഫൻസിന് കീഴിലെ അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി, ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് തീ പരിസരത്തെ മറ്റ് ഗോഡൗണുകളിലേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കിയത്.
അടുത്തടുത്ത് സ്ഥിതിചെയ്യുന്ന രണ്ട് ഗോഡൗണുകളിൽ വലിയ തീപിടിത്തമാണുണ്ടായതെന്നു സിവിൽ ഡിഫൻസ് റിയാദ് മേഖലാ വക്താവ് പറഞ്ഞു. ഗോഡൗണുകളിൽ ഒന്ന് പ്ലാസ്റ്റിക് വസ്തുക്കളും മറ്റൊന്ന് ടയറുകളും സൂക്ഷിക്കുന്നതാണ്. തീപിടിത്തമുണ്ടായതിനെ തുടർന്ന് കനത്ത പുക അന്തരീക്ഷത്തിലേക്കുയർന്നു. ആളപായമോ പരിക്കോ ഉണ്ടായില്ലെന്നും തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി.
Post Your Comments