കൊച്ചി • മുൻ സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അമർ സിംഗ് ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ശനിയാഴ്ച സിംഗപ്പൂരിലെ ആശുപത്രിയിൽ അന്ത്യശ്വാസം വലിച്ചു. 64 വയസായിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്.
സിനിമാ രംഗവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി നിരവധി രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും സോഷ്യൽ മീഡിയയിൽ എത്തി. ഇതിനിടയിലാണ് അമര്‍ സിംഗ് ഒരു മലയാള സിനിമയില്‍ അഭിനയിച്ചിരുന്നുവെന്ന കാര്യം നിര്‍മ്മാതാവ് തനുജ് ഗാർഗ് ട്വിറ്ററിൽ പങ്കുവച്ചത്.
Trivia: The stunning #dimplekapadia did a Malayalam film, "Bombay Mittayi", in which #AmarSingh ji was her co-star. pic.twitter.com/YbBKx1r4Fj
— TANUJ GARG (@tanuj_garg) August 1, 2020
ബോംബെ മിട്ടായി എന്ന മലയാള ചിത്രത്തിൽ അമർ സിംഗ് നടി ഡിംപിൾ കപാഡിയയുമായി സ്‌ക്രീൻ സ്‌പേസ് പങ്കിട്ടിട്ടുണ്ടെന്ന് തനുജ് ട്വിറ്ററിൽ കുറിച്ചു. ഇരുവരും ഒന്നിച്ചുള്ള സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രവും തനുജ് നല്‍കിയിരുന്നു.
2011 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉമർ കരിക്കാട് സംവിധാനം ചെയ്ത ബോംബെ മിട്ടായി അമര്‍ സിംഗിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റത്തിനും ഡിംപിള്‍ കംപാഡിയയുടെ മലയാള ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനത്തിനുമാണ് സാക്ഷ്യം വഹിച്ചത്.
വിനു മോഹന്‍, നീലാംബരി എന്നിവര്‍ നായികാ നായകന്മാരായ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു അമർ സിംഗും ഡിംപിളും. സംഗീതജ്ഞന്റെ കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്. ആ കഥാപാത്രത്തിന്റെ മരണവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു സിനിമയുടെ ഇതിവൃത്തം. ചില സാങ്കേതികതടസ്സങ്ങളാൽ സിനിമ റിലീസ് ചെയ്തില്ല. 2011 ഡിസംബറില്‍ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും റദ്ദാക്കുകയായിരുന്നു.
സിനിമ റിലീസ് ചെയ്യാത്തതില്‍ അമര്‍ സിംഗിന് വിഷമം ഉണ്ടായിരുന്നതായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനു മോഹന്‍ പറഞ്ഞു.
“ഇടയ്ക്ക് ഞാൻ അദ്ദേഹത്തെ വിളിക്കുമായിരുന്നു. സിനിമ എപ്പോൾ ഇറങ്ങുമെന്നാണ് അദ്ദേഹം അപ്പോൾ ചോദിക്കുക. സിനിമ റിലീസ് ആകാത്തതിൽ അദ്ദേഹത്തിനും വിഷമമുണ്ടായിരുന്നു” – വിനു മോഹന്‍ പറഞ്ഞു.
Post Your Comments