മറയൂര്‍: വീട്ട് മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിനും മുള്ളന്‍ പന്നിയെ കെണിവച്ച് പിടികൂടിയതിനും കാന്തല്ലൂരിലെ ബ്രദേഴ്സ് ഹൗസിന്റെ മാനേജര്‍ സഹായരാജിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. പുറത്ത് നിന്ന് ആര്‍ക്കും പ്രവേശനില്ലാത്ത വീട്ടിനുള്ളില്‍ മുള്ളന്‍ പന്നി പോലുള്ള മൃഗങ്ങളെ കെണിവച്ച് പിടികൂടുന്നതായി കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് മാനേജര്‍ അറസ്റ്റിലായത്.
1949 കാലം മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന സ്‌കൂള്‍ ഉള്‍പ്പെടെ ഹോസ്റ്റര്‍ ആരാധാനാലയം എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ നടത്തുന്ന സേക്രട്ട് ഹാര്‍ട്ട് ബ്രദേഴ്സ് ഹൗസ് മാനേജരുടെ വീട്ടിലാണ് മുള്ളന്‍ പന്നിയും കഞ്ചാവ് ചെടിയും കണ്ടെത്തിയത്. തമിഴ്നാട് പോണ്ടിച്ചേരി സ്വദേശിയായ സഹായ രാജ് രണ്ടു വര്‍ഷം മുന്‍പാണ് കാന്തല്ലൂരിലെത്തി ചുമതലയേല്‍ക്കുന്നത്. പ്രതിയെ ദേവികൂളം കോടതിയില്‍ ഹാജരാക്കും.
ശനിയാഴ്ച പുലര്‍ച്ചെ മുള്ളന്‍ പന്നിയെ കെണിവച്ച് പിടിച്ചതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാന്തല്ലൂര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ് സന്ദീപ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി.എസ്. സജീവ്, കെ.കെ. രാജന്‍, അനന്ത പത്മനാഭന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വലിയ ഉയരമുള്ള ഇരുമ്പ് കെണിയൊരുക്കി മുള്ളന്‍ പന്നിയെ കൂടിനുള്ളില്‍ ഇട്ടിരിക്കുന്നത് കണ്ടത്. വനപാലകര്‍ പരിസരത്ത് നടത്തിയ തിരച്ചിലിലാണ് ബ്രദര്‍ ഹൗസിന്റെ മുന്നില്‍ നട്ടുവളര്‍ത്തിയ 160 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തിയത്.
കഞ്ചാവ് ചെടി കണ്ടെത്തിയതിനെ തുടര്‍ന്ന് വനപാലകര്‍ എക്സൈസ് സംഘത്തെ വിവരം അറിയിക്കുകയും എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍. സത്യന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടി എന്ന് സംശയിക്കുന്ന ഉണങ്ങിയ കുറ്റികള്‍ കണ്ടെത്താന്‍ സാധിച്ചു. തുടര്‍ന്ന് കഞ്ചാവ് നട്ടുവളര്‍ത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തു. വനപാലകര്‍ മാനേജരെ മുള്ളന്‍ പന്നിയെ പിടികൂടിയ കേസില്‍ കസ്റ്റഡിയില്‍ എടുത്തു. കെണി വച്ച കൂട്ടില്‍ കണ്ടെത്തിയ മുള്ളന്‍ പന്നിയെ വെറ്റിനറി ഡോക്ടറെത്തി വൈദ്യപരിശോധന നടത്തി. കോടതിയില്‍ നിന്ന് എക്സൈസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ നടപടികള്‍ ആരംഭിച്ചു.
Post Your Comments