ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരത്തിനു സമീപം ഒരു ബറ്റാലിയന്‍ (ഏകദേശം 1000 സൈനികർ) സൈനികരെ വിന്യസിച്ച് ചൈന. അതിർത്തിയിൽനിന്നു കുറച്ചുമാറിയാണ് ഇവരുടെ സ്ഥാനം. എന്നാൽ ‘ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമായാണ്’ ചൈനീസ് സേന നിൽക്കുന്നതെന്നാണ് ഇന്ത്യയ്ക്കു ലഭിച്ചിരിക്കുന്ന വിവരം.
എന്നാൽ ചൈനീസ് സേനയ്ക്ക് തുല്യമായി ഇന്ത്യയും മേഖലയിലെ സൈനികരുടെ അംഗബലം വർധിപ്പിച്ചിട്ടുണ്ട്. അതിർത്തിത്തർക്കം ഉന്നയിച്ച നേപ്പാളിന്റെ നീക്കങ്ങളും ഇന്ത്യ വീക്ഷിക്കുന്നുണ്ട്. ലഡാക്കിലുൾപ്പെടെ ചൈനീസ് സൈന്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാൽ ഏതു മഞ്ഞുമലകളിലും ഏതു സാഹചര്യത്തെയും നേരിടാനൊരുങ്ങിയാണ് ഇന്ത്യൻ സൈന്യം തയാറെടുത്തിരിക്കുന്നതെന്നും സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇത്തരം മഞ്ഞുമലകളിൽ ഉപയോഗിക്കാവുന്ന വസ്ത്രങ്ങൾ, ടെന്റുകൾ തുടങ്ങിയവ ഉൽപ്പാദിപ്പിക്കുന്നവരെ കണ്ടെത്തണമെന്ന് ഇന്ത്യ ഇതിനകം യുഎസ്, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ എംബസികൾക്ക് നിർദേശം നൽകിയിരുന്നു.
മേയ് ആദ്യം മുതൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്ന സംഘർഷ സാധ്യത ജൂൺ 15ന് കൈവിട്ടുപോയിരുന്നു. പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ നടത്തിയ സംഭാഷണത്തെത്തുടർന്നാണ് ചിലയിടങ്ങളിലെ പിന്മാറ്റ നടപടികൾ ആരംഭിച്ചത്. എന്നിരുന്നാലും 2021ലെ വേനൽക്കാലം വരുമ്പോൾ പാംഗോങ് തടാക പ്രദേശത്ത് ചൈന വീണ്ടും അതിക്രമിച്ചു കയറുമെന്നും സൈന്യം കരുതിയിരിക്കുന്നുണ്ട്. ചൈനീസ് വശത്ത് ഇവർ ശക്തി വർധിപ്പിക്കാനുതകുന്ന നിർമാണ പ്രവർത്തനങ്ങളും നടത്തിയിരുന്നതായി ലഡാക്കിലെ ഇന്ത്യൻ സൈന്യം കണ്ടെത്തിയിരുന്നു. സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയിലും ലിപുലേഖ് ചുരത്തിലും ചൈനീസ് സേനാ വിന്യാസം കണ്ടെത്തിയത് ഇതിനൊപ്പമാണ്.
അതേസമയം മാനസരോവർ യാത്രാ വഴിയുടെ ഭാഗമായുള്ള ലിപുലേഖ് ചുരത്തിലേക്ക് ഇന്ത്യ 80 കിലോമീറ്റർ നീളത്തിൽ റോഡ് നിർമിച്ച നടപടിയെ എതിർത്ത് നേപ്പാൾ രംഗത്തു വന്നിരുന്നു. പിന്നാലെ ലിപുലേഖ് ഉൾപ്പെടുന്ന കാലാപാനി മേഖല തങ്ങളുടെ ഭൂപടത്തിലുൾക്കൊള്ളിച്ച് നേപ്പാൾ ഭൂപടം പ്രസിദ്ധീകരിച്ചതും വൻ വിവാദമായിരുന്നു.
.
Post Your Comments