നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക വിചാരണ കോടതി സുപ്രിംകോടതിയെ സമീപിച്ചു. കൊറോണയും, ലോക് ഡൗണും കാരണം സുപ്രിം കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയെ സമീപിക്കുന്നത്. വിചാരണ നടപടികൾക്ക് ആറുമാസത്തെ സമയം കൂടി വേണമെന്നാണ് ജഡ്ജി ഹണി എം വർഗീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊറോണ രോഗവ്യാപനവും, തുടർന്നുള്ള ലോക് ഡൗണും കാരണം മാർച്ച് 24 മുതൽ നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ നടപടികൾ നിർത്തിവച്ചിരിക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ജൂൺ 22 നാണ് കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയുടെ പ്രവർത്തനം വീണ്ടുമാരംഭിച്ചത്.ഈ സാഹചര്യത്തിലാണ് വിചാരണയ്ക്കായി കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യം ജസ്റ്റിസ് ഖാൻ വിൽ ക്കറുടെ നേതൃത്വത്തിലുള്ള സുപ്രിം കോടതി ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.
359 പേരുടെ സാക്ഷി പട്ടികയിൽ നിന്ന് 136 പേരെയാണ് വിസ്തരിക്കുന്നത്.മഞ്ജു വാര്യർ, ഗീതു മോഹൻ ദാസ്, രമ്യാ നമ്പീശൻ, റിമി ടോമി എന്നിവരുടെ സാക്ഷി വിസ്താരം നേരത്തെ പൂർത്തിയായിരുന്നു. കൂറുമാറിയതായി സംശയിക്കുന്ന ചിലരെ വിസ്തരിക്കുന്നതിൽ നിന്ന് പ്രോസിക്യൂഷൻ ഒഴിവാക്കിയിരുന്നു.ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാനുള്ള സുപ്രിം കോടതി ഉത്തരവിൻ്റെ സമയപരിധി മെയ് മാസം അവസാനം പൂർത്തിയായിരുന്നു.തുടർന്നാണ് മൂന്നു മാസത്തോളം വിചാരണ തടസ്സപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതിയെ സമീപിച്ചിട്ടുള്ളത്.
2017 ഫ്രെബ്രുവരി 17 ന് ഷൂട്ടിംഗിന് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്.ബലാത്സംഗം, തട്ടികൊണ്ടു പോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Post Your Comments