Latest NewsUSANewsInternational

ഉത്തരകൊറിയ വിടാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്കുനേരെ നടക്കുന്നത് ക്രൂരമായ അതിക്രമങ്ങളെന്ന് ഐക്യരാഷ്ട്രസഭ.

തടങ്കലിലായിരിക്കെ ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങളടക്കം നിരവധി മനുഷ്യാവകാശലംഘനങ്ങളാണ് ഇവര്‍ക്കുനേരെയുണ്ടായതെന്നും

ഉത്തരകൊറിയ വിടാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്കുനേരെ നടക്കുന്നത് ക്രൂരമായ അതിക്രമങ്ങളെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 100 സ്ത്രീകളുമായി നടത്തിയ അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2009 -നും 2019 -നും ഇടയില്‍ നോര്‍ത്ത് കൊറിയ (DPRK) വിടാന്‍ ശ്രമിച്ചതിന് തിരികെയെത്തിച്ച് തടവില്‍ പാര്‍പ്പിച്ചവരാണിവര്‍. തടങ്കലിലായിരിക്കെ ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങളടക്കം നിരവധി മനുഷ്യാവകാശലംഘനങ്ങളാണ് ഇവര്‍ക്കുനേരെയുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

”സ്വന്തം ജീവിതം മെച്ചപ്പെടുത്താന്‍ ജോലി തേടിയും മറ്റും രാജ്യം വിടാന്‍ തീരുമാനിച്ച ഈ സ്ത്രീകളുടെ കഥകള്‍ ഹൃദയം തകര്‍ക്കുന്നതാണ്. അവരൊടുക്കം ശിക്ഷിക്കപ്പെടുകയാണുണ്ടായത്. അവര്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കുകയാണ് വേണ്ടത്. അല്ലാതെ, തടങ്കലിൽ വയ്ക്കുകയും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയരാക്കുകയും ചെയ്യരുത്. ” യു എന്‍ ഹൈകമ്മീഷണര്‍ ഫോര്‍ ഹ്യുമന്‍ റൈറ്റ്സ് മിഷേൽ ബാഷലെറ്റ് പറയുന്നു. “ഈ സ്ത്രീകൾക്ക് നീതിക്കും സത്യത്തിനും നഷ്ടപരിഹാരത്തിനും അവകാശമുണ്ട്” എന്നും അവർ കൂട്ടിച്ചേര്‍ത്തു. എന്തെങ്കിലും കാരണങ്ങളാല്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നവരെ രാജ്യദ്രോഹികളായിട്ടാണ് മുദ്രകുത്തുന്നത്. ഇവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കാം. അതിര്‍ത്തികളിലൂടെയുള്ള യാത്ര തന്നെ അപകടകരമാണ്. ഇങ്ങനെ ശ്രമിക്കുന്നവരില്‍ത്തന്നെ പലരും മനുഷ്യക്കടത്തിനോ ലൈംഗികാതിക്രമത്തിനോ, നിര്‍ബന്ധിതവിവാഹത്തിനോ ഒക്കെ ഇരയായി മാറാറുണ്ട്. എന്നാല്‍, ഉത്തര കൊറിയയിലേക്ക് തന്നെ തിരികെയെത്തുന്നവരുടെ അവസ്ഥയും കഷ്‍ടമാണ് എന്നാണ് യു എന്‍ റിപ്പോര്‍ട്ട് പറയുന്നത്. സ്ത്രീകളെ ശുചിയില്ലാത്ത, മോശപ്പെട്ട സാഹചര്യങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അവരെ നിരീക്ഷിക്കാന്‍ എപ്പോഴും പുരുഷ ഗാര്‍ഡുകളുണ്ടാവും. അവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ല, പുറത്തേക്കിറങ്ങാനും സ്ത്രീകള്‍ക്ക് അത്യാവശ്യം വേണ്ടിവരുന്ന സാനിറ്ററി ഉത്പന്നങ്ങള്‍ വാങ്ങാന്‍ പോലുമുള്ള അനുവാദമില്ല. ഒരു സ്ത്രീ പറഞ്ഞത്, അവർ തടങ്കലിലായിരിക്കുന്ന സമയത്ത് തന്നെ പോഷകാഹാരക്കുറവുകാരണം ആറുപേര്‍ മരിച്ചുവെന്നാണ്. രാജ്യത്തിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന, വിചാരണക്ക് മുന്നേ ആളുകളെ പാര്‍പ്പിക്കുന്ന ഈ സ്ഥലങ്ങളില്‍ ചിലപ്പോള്‍ ശിക്ഷയായി രാവിലെ മുതല്‍ വൈകുന്നേരം വരെ സ്ത്രീകള്‍ മുട്ടുകുത്തി ഇരിക്കുകയോ കാലുകള്‍ ക്രോസ് ചെയ്‍തിരിക്കുകയോ വേണ്ടിവരും. ഭക്ഷണം കഴിക്കാനോ മറ്റോ ആണോ അതിനിടയില്‍ അനുവാദം കിട്ടുക. 2016 -ല്‍ തടവിലായ ഒരു സ്ത്രീ പറയുന്നു

ചൈനയിലേക്ക് പോയവര്‍ പലരും ക്രൂരമര്‍ദ്ദനത്തിനാണ് ഇരയായത്. പലരും ചൈനയിലേക്ക് പോയകാര്യം വെളിപ്പെടുത്താതിരിക്കാന്‍ ശ്രമിച്ചു. 2012 -ല്‍ പിടിക്കപ്പെട്ട ഒരു സ്ത്രീ പറയുന്നത് നൂറുപേരെ ഒരു ലേബര്‍ സൈറ്റില്‍ പണിയെടുപ്പിച്ചിരുന്നു. കൂട്ടത്തിലൊരാള്‍ക്ക് ആ ദിവസത്തെ നിശ്ചയിക്കപ്പെട്ട ജോലി പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ എല്ലാവരേയും ശിക്ഷിച്ചിരുന്നു. രാവിലെവരെ മുറ്റത്ത് നടക്കേണ്ടി വരുമായിരുന്നു. പലരെയും ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പലരുടെയും ബോധം പോകുന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ട് എന്നും പല സ്ത്രീകളും വെളിപ്പെടുത്തി. അതുപോലെതന്നെ നിര്‍ബന്ധിതമായി അവരെ നഗ്നരാക്കുകയും ദേഹപരിശോധന നടത്തുകയും ചെയ്‍തിരുന്നു. പലരും ഗാര്‍ഡുമാരാല്‍ ലൈംഗികാതിക്രമത്തിന് ഇരയാവുകയും ചെയ്‍തു. തടവിലാക്കപ്പെട്ട ആദ്യദിനം തന്നെ ഓഫീസറുടെ മുറിയില്‍വച്ച് ബലാത്സംഗം ചെയ്യപ്പെട്ട അനുഭവമാണ് ഒരു സ്ത്രീ വെളിപ്പെടുത്തിയതെന്ന് യു എന്‍ റിപ്പോര്‍ട്ട് പറയുന്നു. അയാള്‍ പറയുന്നതുപോലെ അനുസരിച്ചാല്‍ അവളെ എത്രയും വേഗം വിടുമെന്നും ഭീഷണിപ്പെടുത്തി. ഒരു സ്ത്രീ പറഞ്ഞത്, ഒരാള്‍ ലൈംഗികാതിക്രമത്തെ ചെറുത്തതിന് പകരമായി മുഴുവന്‍ സ്ത്രീകള്‍ക്കും ഭക്ഷണം നിഷേധിക്കപ്പെട്ടുവെന്നാണ്. ഗര്‍ഭിണികളായ സ്ത്രീകളെയും ഗാര്‍ഡുമാര്‍ ലക്ഷ്യം വച്ചിരുന്നു. അവരെക്കൊണ്ട് കഠിനമായ ജോലികള്‍ ചെയ്യിക്കുകയും അവരെ തല്ലുകയുമുണ്ടായി. അത് ഗര്‍ഭമലസിപ്പോകാന്‍ കാരണമായിത്തീരുകയും ചെയ്‍തു. പൂര്‍ണഗര്‍ഭിണിയായിരിക്കുന്നവരെയും വെറുതെ വിട്ടില്ല. ഗര്‍ഭമലസിക്കുന്നതിനായി ഭാരമുള്ള കല്ലുകളും മറ്റും പുറത്തുവെപ്പിച്ച് നടത്തുകയും മറ്റും ചെയ്‍തു. ചൈനയില്‍ നിന്ന് മടങ്ങേണ്ടി വന്നവരെയാണ് കൂടുതലും ശിക്ഷിച്ചിരുന്നത്. വേദനയുണ്ടാക്കുന്ന സംഭവങ്ങളെന്നാണ് യു എന്‍ ഈ പീഡനങ്ങളെ വിശേഷിപ്പിച്ചത്.ഉത്തരകൊറിയന്‍ സര്‍ക്കാരിനോട് ഈ മനുഷ്യാവകാശലംഘനങ്ങളവസാനിപ്പിക്കാനും അവരെ സ്വാഗതം ചെയ്യുന്ന രാജ്യങ്ങളിലേക്കുള്ള അവരുടെ യാത്ര തടസപ്പെടുത്തരുതെന്നും യു എന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button