ഉത്തര കൊറിയയുടെ ആണവ പരീക്ഷണവും അണ്വായുധങ്ങളുടെ നിര്‍മ്മാണവും ലോകം വളരെ ആശങ്കയോടെയാണ് കാണുന്നത്. ഇപ്പോള്‍ ആശങ്കാജനകമായ മറ്റൊരു വാര്‍ത്തയാണ് ഉത്തര കൊറിയയില്‍ നിന്നും വരുന്നത്.
സമുദ്രത്തിനടിയില്‍ നിന്നു പ്രയോഗിക്കാവുന്ന മിസൈലിന്റെ അറ്റത്ത് ആണവായുധ ശേഖരം ഘടിപ്പിക്കാവുന്ന സാങ്കേതികവിദ്യ ഉത്തര കൊറിയന്‍ സൈന്യം വികസിപ്പിച്ചെടുത്തെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയയ്ക്കു പുറമേ അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും വലിയ ഭീഷണി സൃഷ്ടിച്ചാണ് ഈ വാര്‍ത്ത.
വരുംവരായ്കകള്‍ നോക്കാതെ അണ്വയുധങ്ങള്‍ പ്രയോഗിച്ചേക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ലോകരാജ്യങ്ങള്‍ ഉത്തര കൊറിയയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് എല്ലാവരേയും ഭയപ്പെടുത്തി ഏറെ ഭയാനകവും ആശങ്കാജനകവുമായ യുദ്ധ സാങ്കേതികവിദ്യയുടെ വാര്‍ത്ത രാജ്യം പുറത്തുവിട്ടത്.
ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ലെങ്കിലും ഇതിന്റെ ഒരു ചെറുരൂപം വികസിപ്പിച്ചെടുക്കാന്‍ നിഷ്പ്രയാസം ഉത്തര കൊറിയയ്ക്കു കഴിയുമെന്നാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിസ് സ്റ്റഡീസ് ഏഷ്യയിലെ അലക്‌സാണ്ടര്‍ നീല്‍ പറയുന്നത്. ഇത്തരത്തിലൊന്ന് അവര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ഈ മേഖലയെ സംബന്ധിച്ച് അതീവ ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് അന്തര്‍വാഹിനികളില്‍ നിന്നു ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിടുന്ന പരീക്ഷണം ഉത്തര കൊറിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. 500 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഇതില്‍ കെഎന്‍ 11 റോക്കറ്റാണ് ഉപയോഗിച്ചതെന്നാണു കരുതുന്നത്. ഉത്തര കൊറിയയില്‍നിന്നു ജപ്പാന്റെ വ്യോമസേനാ താവളത്തോടു ചേര്‍ന്നുള്ള മേഖലയില്‍വരെയെത്താന്‍ കഴിവുള്ളതാണ് ഈ മിസൈല്‍.
Post Your Comments