തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജിലെ ആധുനിക കോവിഡ് ലാബ്, നവീകരിച്ച ഐസിയു, പ്ലാസ്മ ഫെറസിസ് മെഷീന്‍ എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ ഫ്‌ളാറ്റ്‌ഫോം വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു.
കോവിഡ് പ്രതിരോധത്തിനായി വലിയ പ്രവര്‍ത്തനങ്ങളാണ് കൊല്ലം മെഡിക്കല്‍ കോളേജില്‍ നടക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിനെ കോവിഡ് ആശുപത്രിയാക്കി പൂര്‍ണ സജ്ജമാക്കാന്‍ 300ല്‍ നിന്ന് 500 ലേക്ക് കിടക്കകള്‍ ഉയര്‍ത്തി. നവീകരിച്ച ഐസിയുവില്‍ 18 കിടക്കകളാണ് ഉള്ളത്. ഈ ഐസിയു കൂടി പ്രവര്‍ത്തനസജ്ജമായതോടെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും ചികിത്സിക്കാന്‍ സാധിക്കുന്നതാണ്. 42 വെന്റിലേറ്ററുകള്‍ കോവിഡ് രോഗിക്കള്‍ക്കായി ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
പ്ലാസ്മ തെറാപ്പി ചികിത്സയ്ക്കായി 20 ലക്ഷം രൂപ മുടക്കി പ്ലാസ്മ ഫെറസിസ് മെഷീന്‍ ബ്ലഡ് ബാങ്കില്‍ സ്ഥാപിച്ചു. ആശുപത്രിയില്‍ ഇതുവരെ 8 രോഗികള്‍ക്കാണ് പ്ലാസ്മ തെറാപ്പി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് കോവിഡ് ലാബിന് ഐസിഎംആര്‍ അംഗീകാരം ലഭിക്കുന്നത്. ഒന്നര കോടി രൂപയുടെ ഉപകരണങ്ങളാണ് ലാബില്‍ സജ്ജീകരിച്ചത്. ഭാവിയില്‍ വൈറോളജി റിസര്‍ച്ച് ലാബ് ആക്കുവാനുള്ള രീതിയിലുള്ള സ്ഥലസൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജി.എസ്. ജയലാല്‍ എം.എല്‍.എ., ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എന്‍. റോയ്, ആശുപത്രി സൂപ്രണ്ട് ഡോ. ഹബീബ് നസീം എന്നിവര്‍ പങ്കെടുത്തു.
Post Your Comments