ബര്‍ലിന്‍ : വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി ജര്‍മനി. വേനല്‍ക്കാലത്ത് ജര്മനിക്കാര് തന്നെ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിലേക്ക് യാത്ര ചെയത് മടങ്ങിവരുന്നത് രാജ്യത്തെ കോവിഡ് വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയാണ് ഇതിനു കാരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്‍ വിശദീകരിച്ചു.
എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നിര്‍ദേശം പുറപ്പെടുവിക്കുന്നത്. ടെസ്റ്റ് പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
130 ലോക രാജ്യങ്ങളെയാണ് ജര്‍മനി നിലവില്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളെയോ ഷെങ്കന്‍ മേഖലയില്‍ ഉള്‍പ്പെട്ട അയല്‍ രാജ്യങ്ങളെയോ ഇതില്‍പ്പെടുത്തിയിട്ടില്ല.
അണുബാധയ്ക്കെതിരായ സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുക. 16 സ്റ്റേറ്റുകളുടെയും ആരോഗ്യ വകുപ്പ് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെടുത്തിട്ടുള്ളതെന്നും സ്പാന്‍ പറഞ്ഞു.
Post Your Comments