Latest NewsIndiaNews

അമ്പതോളം കൊലക്കേസുകളിൽ പ്രതി; പരോളിലിറങ്ങി മുങ്ങിയ ആയുർവേദ ഡോക്ടർ പിടിയിൽ

ന്യൂഡൽഹി : അമ്പതോളം ട്രക്ക്, ടാക്സി ഡ്രൈവർമാരുടെ കൊലപാതകക്കേസിന്റെ സൂത്രധാരനായ ആയുർവേദ ഡോക്ടർ പിടിയിൽ. പരോളിലിറങ്ങി മുങ്ങിയ ഇയാളെ ഡൽഹിയിൽ നിന്നാണ് പിടികൂടിയത്. ഉത്തർപ്രദേശ് അലിഗഢ് സ്വദേശിയായ ദേവേന്ദർ ശർമ(62)യാണ് അറസ്റ്റിലായത്. ജയ്പുർ സെൻട്രൽ ജയിലിൽനിന്ന് ജനുവരിയിൽ പരോളിലിറങ്ങിയ ദേവേന്ദർ ശർമ ഡൽഹിയിലെ ബർപോളയിലാണ് ഒളിവിൽകഴിഞ്ഞിരുന്നത്.

കൊലക്കേസിൽ അറസ്റ്റിലായ ഇയാളെ ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചിരുന്നത്. 16 വർഷത്തിന് ശേഷം 2020 ജനുവരിയിൽ 20 ദിവസത്തെ പരോൾ അനുവദിച്ചു. എന്നാൽ പരോളിലിറങ്ങിയ പ്രതി ജയ്പുരിൽനിന്ന് ഡൽഹിയിലേക്ക് കടന്നു. ഡൽഹിയിൽ വിധവയും അകന്ന ബന്ധുവുമായ സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചുവരികയായിരുന്നു. ഇതിനിടെ, വസ്തുക്കച്ചവടവും ആരംഭിച്ചു. കഴിഞ്ഞദിവസം രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്.കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് കഴിഞ്ഞദിവസം മുതൽ വിശദമായി ചോദ്യംചെയ്തിരുന്നു. 50 കൊലക്കേസുകളിൽ ഇയാൾ കുറ്റംസമ്മതിച്ചതായും എന്നാൽ നൂറിലേറെ കൊലക്കേസുകളിൽ ഇയാൾക്ക് പങ്കുണ്ടെന്നുമാണ് പോലീസ് പറയുന്നത്.

പക്ഷേ, പോലീസിന്റെ ചോദ്യംചെയ്യലിൽ 50 കൊലക്കേസുകൾ മാത്രമാണ് തനിക്ക് ഓർമ്മയുള്ളതെന്നാണ് പ്രതി വെളിപ്പെടുത്തിയത്. കൃത്യമായ കണക്ക് ഓർമ്മ കിട്ടുന്നില്ലെന്നും പറഞ്ഞു. ബിഹാറിൽനിന്നാണ് ദേവേന്ദർ ശർമ ബി.എ.എം.എസ് ബിരുദം നേടുന്നത്. 1984-ൽ ജയ്പുരിൽ ക്ലിനിക്ക് ആരംഭിച്ചു. 1992-ൽ പാചകവാതക ഡീലർഷിപ്പിൽ പണം മുടക്കിയെങ്കിലും വഞ്ചിക്കപ്പെട്ടതോടെ പണം നഷ്ടമായി. ഇതോടെ പണം തിരിച്ചുപിടിക്കാൻ അലിഗഢിൽ വ്യാജ ഗ്യാസ് ഏജൻസി ആരംഭിച്ചു. അന്ന് മുതലാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നത്. തുടർന്ന് നിരവധി പേര് കൊലപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾ വരെ ഇയാൾ ചെയ്തു.

അതേസമയം പ്രതിയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിഞ്ഞതോടെ ഭാര്യയും കുട്ടികളും ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു.നിരവധി കൊലക്കേസുകളിൽ ശർമ പിടിയിലായെങ്കിലും ഏഴ് കേസുകളിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഇതിലൊരു കേസിൽ തടവ് ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് പരോളിലിറങ്ങി മുങ്ങിയത്. വിശദമായ ചോദ്യംചെയ്യലിന് ശേഷം പ്രതിയെ രാജസ്ഥാൻ പോലീസിന് കൈമാറുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button