നെയ്യാറ്റിന്‍കര: ചിട്ടിക്കാശ് തിരികെ ചോദിച്ചതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനമേറ്റ യുവാവിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളത്തൂര്‍ വെങ്കടമ്പ് കാഞ്ഞിരംതോട്ടം പൊറ്റയില്‍ വീട്ടില്‍ അജിക്കാണ് (42) മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് ചന്ദ്രനെതിരെയാണ് പരാതി. കമ്പ് കൊണ്ടുള്ള അടിയില്‍ അജിയുടെ രണ്ട് കാലിനും മുറിവുണ്ട്.
പൊഴിയൂര്‍ പൊലീസ് ആശുപത്രിയിലെത്തി യുവാവിന്റെ മൊഴിയെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പേള്‍ എന്ന പേരില്‍ മൈക്രോഫിനാന്‍സ് യൂണിറ്റുണ്ടാക്കി ഒരു ലക്ഷം രൂപയുടെ ചിട്ടി നടത്തുന്നുണ്ടെന്നും ഇതില്‍ താന്‍ അംഗമാണെന്നും അജി പറഞ്ഞു. മൂന്നുമാസം അടച്ചുകഴിഞ്ഞാല്‍ മുഴുവന്‍ തുകയും നല്‍കുമെന്ന് വാഗ്ദാനം ചെയ്‌താണ് ചിട്ടിയില്‍ ചേര്‍ന്നത്. എന്നാല്‍ 80,000 രൂപ അടച്ചിട്ടും പണം നല്‍കിയില്ല. ചോദിക്കുമ്പോഴെല്ലാം ഭീഷണിപ്പെടുത്തും.
വിഴിഞ്ഞത്ത് ക്രൂചെയ്ഞ്ചിംഗ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം
ചിട്ടിയില്‍ അടച്ച പണം പലപ്പോഴായി തിരികെ ചോദിച്ചിട്ട് തന്നില്ലെന്നും ഇതേച്ചൊല്ലി പലപ്പോഴും വഴക്കുണ്ടായിട്ടുണ്ടെന്നും അജി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.തിങ്കളാഴ്ച വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്നും മൊഴിയില്‍ പറയുന്നു. ഇഷ്ടികച്ചൂള നടത്തുന്ന ചന്ദ്രനെതിരെ പൊലീസ് കേസെടുത്തു.
അതേസമയം അജി മദ്യപിച്ചിരുന്നെന്നും അസഭ്യം വിളിച്ചതിനെ തുടര്‍ന്നാണ് വഴക്കുണ്ടായതെന്നും പൊലീസ് പറയുന്നു. സംഭവശേഷം ചന്ദ്രന്‍ ഒളിവിലാണ്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
Post Your Comments