Latest NewsKeralaNews

ട്രോളിംഗ് നിരോധനം അവസാനിക്കാനിരിക്കെ അതിഥി തൊഴിലാളികളുടെ മടങ്ങിവരവ് നിയന്ത്രിക്കണമെന്ന് കോഴിക്കോട് കോര്‍പറേഷന്‍

കടല്‍ മാര്‍ഗ്ഗമെത്തുന്ന തൊഴിലാളികളെ നിരീക്ഷിക്കാന്‍ കഴിയാത്തത് വലിയ പ്രതിസന്ധിയാണെന്ന് മേയര്‍

കോഴിക്കോട്, ട്രോളിംഗ് നിരോധനം അവസാനിക്കാനിരിക്കെ അതിഥി തൊഴിലാളികളുടെ മടങ്ങിവരവ് നിയന്ത്രിക്കണമെന്ന് കോഴിക്കോട് കോര്‍പറേഷന്‍. കുളച്ചലില്‍ നിന്നെത്തിയ 28 മല്‍സ്യത്തൊഴിലാളികളില്‍ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കോര്‍പറേഷന്‍ സര്‍ക്കാരിനോട് ഇക്കാര്യമാവശ്യപ്പെട്ടത്. കടല്‍ മാര്‍ഗ്ഗമെത്തുന്ന തൊഴിലാളികളെ നിരീക്ഷിക്കാന്‍ കഴിയാത്തത് വലിയ പ്രതിസന്ധിയാണെന്ന് മേയര്‍ തോട്ടത്തിൽ രവീന്ദ്രൻ.എന്നാൽ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴസ്മെന്‍റ് വിഭാഗങ്ങള്‍ കടലില്‍ പട്രോളിംഗ് നടത്തുന്നുണ്ടെന്നും അനധികൃതമായി കടല്‍ മാര്‍ഗ്ഗം തൊഴിലാളികളെത്തുന്നത് ഇതുവരെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നുമാണ് ഈ വിഷയത്തില്‍ ഫഷറീസ് വകുപ്പിന്‍റെ പ്രതികരണം.

ഈ മാസം 31ന് ട്രോളിംഗ് നിരോധനം അവസാനിക്കാനിരിക്കെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള തൊഴിലാളികളുടെ വിശേഷിച്ച് മല്‍സ്യത്തൊഴിലാളികളുടെ മടങ്ങിവരവ് നിയന്ത്രിക്കണമെന്ന ആവശ്യം കോഴിക്കോട് കോര്‍പറേഷന്‍ ഉന്നയിക്കുന്നത്. ഇതിന് കാരണമായതവട്ടെ കുളച്ചലില്‍ നിന്ന് ബേപ്പൂരില്‍ മടങ്ങിയെത്തിയ തൊഴിലാളികളുടെ പരിശോധന ഫലവും. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി ഹാര്‍ബറില്‍ വരുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും അതിനാല്‍ ഇവരുടെ വരവ് നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ സെക്രട്ടറി കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ വെളളിയാഴ്ച കോര്‍പറേഷനില്‍ പ്രത്യേക യോഗവും ചേരും. പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി ജില്ലയുടെ ചുമതലയുളള മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം കടലിലൂടെ ആരും എത്തുന്നില്ലെന്നും രജിസ്റ്റര്‍ ചെയ്ത് റോഡ് മാര്‍ഗ്ഗമാണ് വരുന്നതെന്നും ബോട്ട് ഉടമകള്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button