കോറല്‍ സ്പ്രിങ്സ് : മയാമിയില്‍ മലയാളി നഴ്‌സ് മെറിന്‍ ജോയി ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച വാര്‍ത്തയുടെ ഞെട്ടലിലാണ് യുഎസിലെ മലയാളി സമൂഹം. കോവിഡുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടെയാണ് അപ്രതീക്ഷിതമായ ഈ സംഭവം. തന്നെ അപായപ്പെടുത്താന്‍ ഭര്‍ത്താവായ ഫിലിപ് മാത്യു (നെവിന്‍) എത്തുമെന്നു മെറിന്‍ ഭയന്നിരുന്നുവെന്നാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്. അതുകൊണ്ടാവണം ബ്രോവാഡ് ഹെല്‍ത്ത് ആശുപത്രിയിലെ ജോലി അവസാനിപ്പിച്ചു മറ്റൊരിടത്തു പുതിയൊരു ജീവിതം തുടങ്ങാന്‍ മെറിന്‍ തീരുമാനിച്ചത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന മെറിന്‍ കോറല്‍ സ്പ്രിങ്സ് ആശുപത്രിയിലെ ജോലി മതിയാക്കി ഓഗസ്റ്റില്‍ താമ്പയിലേക്കു താമസം മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു
കോട്ടയം മോനിപ്പള്ളി മരങ്ങാടില്‍ ജോയി – മേഴ്സി ദമ്പതികളുടെ മകളാണ് മെറിന്‍. ഭര്‍ത്താവ് നെവിന്‍ എന്ന ഫിലിപ്പ് മാത്യുവും യുഎസില്‍ മെയില്‍ നഴ്സായിരുന്നു.
2016 ജൂലൈ 30 നായിരുന്നു ഇവരുടെ വിവാഹം. അതേദിവസം തന്നെയായിരുന്നു മെറിന്റെ ജന്മദിനം. ഒടുവില്‍ അതിനു രണ്ടു ദിവസം മുമ്പ് മരണദിനം കൂടി കുറിച്ചാണ് മെറിന്റെ മടക്കം.
സൗത്ത് ഫ്‌ലോറിഡ ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിന്‍. എന്നാല്‍ ഫിലിപ്പ് ഭീഷണി മുഴക്കിയിരുന്നതിനാലാകണം എന്ന് കരുതുന്നു ഇവിടെ നിന്ന് ജോലി മാറാന്‍ മെറിന്‍ തീരുമാനിക്കുകയും താബയിലെ ആശുപത്രിയില്‍ ജോലി ശരിയാക്കുകയും ചെയ്തു.
അതുപ്രകാരം കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയില്‍ നിന്നും രാജിവച്ച മെറിന് ഇവിടെ ഇന്നലെ അവസാന ഡ്യൂട്ടിയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞിറങ്ങി സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും ആശുപത്രിയിലെ മറ്റ് ജീവനക്കാരോടും യാത്രപറഞ്ഞാണ് വീട്ടിലേയ്ക്ക് മടങ്ങാനായി മെറിന്‍ ഇറങ്ങിയത്.
ഇവിടെ നിന്നും കാര്‍ പാര്‍ക്കിംങ്ങില്‍ വരെയെത്തിയതേ ഉള്ളു അവിടെ മരണം ഭര്‍ത്താവിന്റെ രൂപത്തില്‍ കാത്തുനില്‍ക്കുകയായിരുന്നു. മെറിനെ യാത്രയാക്കാന്‍ എത്തിയ കൂട്ടുകാര്‍ കണ്ടുനില്‍ക്കെയായിരുന്നു ഫിലിപ്പ് 17 തവണ മെറിന്റെ ദേഹത്തേയ്ക്ക് ആഞ്ഞു കുത്തിയത്. ഇത് കണ്ട കൂട്ടുകാര്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്നുപോയി.
അതിനിടയില്‍ ചോരയില്‍ കുളിച്ച് മെറിന്‍ നിലത്തുവീണു. എന്നിട്ടും കലിയടങ്ങാതെയാണ് കാര്‍ സ്റ്റാര്‍ട്ടാക്കി സിനിമയെ വെല്ലുന്ന മൃഗീയ രംഗങ്ങള്‍ പോലെ ചോരയില്‍ കുളിച്ചുകിടന്ന മെറിന്റെ ദേഹത്തുകൂടി ഫിലിപ്പ് കാര്‍ കയറ്റി ഓടിച്ചുപോയത്. ഇതോടെ മെറിന്റെ ദേഹത്തുനിന്നും ചോര തെറിച്ചു.
കഴിഞ്ഞ ഡിസംബറില്‍ ഇടവക പള്ളിയിലെ പെരുന്നാളിനായിരുന്നു മെറിനും ഫിലിപ്പും ഇവരുടെ ഏകമകളായ രണ്ടു വയസുകാരിയുമായി നാട്ടിലെത്തിയത്. വരുമ്പോള്‍ പരസ്പരം വലിയ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെങ്കിലും നാട്ടിലെത്തിയതോടെ ഫിലിപ്പ് വീണ്ടും പഴയ സ്വഭാവം കാണിച്ചു.
സ്വന്തം വീട്ടില്‍ വച്ചുവരെ മെറിനെ മര്‍ദ്ദിച്ചതോടെ ഒടുവില്‍ വേര്‍പിരിയാനായിരുന്നു മെറിന്റെ തീരുമാനം. അങ്ങനെയാണ് കുട്ടിയെ സ്വന്തം മാതാപിതാക്കളെ ഏല്‍പ്പിച്ച് മെറിന്‍ യുഎസിലേയ്ക്ക് മടങ്ങുന്നത്.
കണ്ടുകൊതിതീരാത്ത മകളെ മുത്തം നല്‍കി മറ്റ് ഗത്യന്തരമില്ലാതെ മാതാപിതാക്കളെ ഏല്‍പ്പിച്ചു പോകുമ്പേള്‍ അതവള്‍ക്കുള്ള അമ്മയുടെ അന്ത്യചുംബനമാണെന്ന് ആരും അറിഞ്ഞിരുന്നില്ല.
ഇതുപോലെ ക്രൂരനായ ഒരു മൃഗത്തോടൊപ്പം ജീവിക്കുന്നതില്‍ നിന്നും അവള്‍ രക്ഷപെട്ടല്ലോ എന്നാശ്വസിക്കുകയാണെന്നായിരുന്നു കൂട്ടുകാരുടെ പ്രതികരണം. ആ കൊലപാതകം കണ്ട ഞെട്ടലില്‍ നിന്നും കൂടുകാര്‍ മോചിതരായിട്ടില്ല.
Post Your Comments