KeralaLatest NewsNews

സംസ്ഥാനത്ത് കനത്ത മഴ തുടരും ; നാളെ നാല് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് ; ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലാണ് ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നാല് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും. ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും ഉയര്‍ന്ന ജാഗ്രത മുന്നറിയിപ്പാണ് ‘റെഡ്’ അലര്‍ട്ട്. ജില്ലയില്‍ പലയിടത്തും 24 മണിക്കൂറില്‍ 205 മില്ലിമീറ്ററില്‍ അധികം മഴ ലഭിക്കാനുള്ള സാധ്യതയാണ് ഈ മുന്നറിയിപ്പുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിതീവ്ര മഴ വലിയ അപകടസാധ്യതയുള്ളതാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങള്‍ക്കുള്ള സാധ്യത ഇത്തരത്തില്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ വളരെ കൂടുതലായിരിക്കും. ആയതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും പൂര്‍ണ്ണ സജ്ജരാവുകയും മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുമാണെന്നും ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം എറണാകുളം, കോട്ടയം ജില്ലകളിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല എന്നീ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്ത് മഴ ശക്തമായത് ആശങ്ക കൂട്ടിയിരിക്കുകയാണ്. ആളുകളെ മാറ്റിപ്പാര്‍ക്കുന്നതിന് 3000 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. എന്നാല്‍ സാമൂഹിക അകലം പാലിച്ച് ആളുകളെ പാര്‍പ്പിക്കുന്നതടക്കം വെല്ലുവിളിയാണ്. കോവിഡ് പശ്ചാത്തലത്തില്‍ മഴ കനക്കുമെന്ന് കരുതി ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നാല് രീതിയിലുള്ള സംവിധാനം സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. വെള്ളം കയറുന്ന പ്രദേശങ്ങളില്‍ നിന്ന് സാധാരണജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്‍, 60 വയസില്‍ കുടുതലുള്ളവര്‍ക്ക് പ്രത്യേക ക്യാമ്പുകള്‍, കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പ്രത്യേക ക്യാമ്പ് എന്നീ രീതിയിലാണ് ക്രമീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button