ഗുജറാത്ത് : ഗുജറാത്തിലെ ഭാറൂച് ജില്ലയിലുള്ള ഇഖാര്‍ ഗ്രാമത്തില്‍ കോവിഡ് -19 സെന്റര്‍ ആരംഭിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുനാഫ് പട്ടേല്‍. താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മുനാഫ് ഇക്കാര്യം അറിയിച്ചത്. പുതുതായി ആരംഭിച്ച കോവിഡ് -19 കേന്ദ്രത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച പട്ടേല്‍ ആരോഗ്യ വകുപ്പിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നന്ദി പറഞ്ഞു.
2011 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായ താരത്തിന് മുന്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് അഭിനന്ദനം പ്രവാഹമാണ്. മുനാഫിന്റെ പോസ്റ്റിന് മറുപടിയായി ഗൗതം ഗംഭീര്‍ അദ്ദേഹത്തോട് നല്ല പ്രവര്‍ത്തനം തുടരാന്‍ ആവശ്യപ്പെട്ടു. നമ്മള്‍ ഒരുമിച്ചാണ് എന്നും ഗംഭീര്‍ പറഞ്ഞു, നന്നായി ചെയ്തു പട്ടേല്‍ എന്ന് പ്രഗ്യാന്‍ ഓജ മറുപടി നല്‍കിയപ്പോള്‍ മികച്ച പ്രവര്‍ത്തനം സര്‍ഫി എന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് എഴുതിയത്.
ഏപ്രിലില്‍, ബറൂച്ച് ജില്ലയില്‍ നാല് പേര്‍ കോവിഡ് -19 സ്ഥിരീകരിച്ചപ്പോള്‍, മാരകമായ വൈറസ് പടരാതിരിക്കാന്‍ സാമൂഹിക അകലം പാലിക്കാനുള്ള സന്ദേശം പ്രചരിപ്പിക്കാന്‍ പട്ടേല്‍ തീരുമാനിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അന്നത്തെ സ്ഥിതി കണക്കിലെടുത്ത് പ്രാദേശിക ഭരണകൂടം ഈ മേഖലയിലെ സ്വാധീനമുള്ള വ്യക്തിയായ മുനാഫിനോട് ശാരീരിക അകലത്തിന്റെ പ്രാധാന്യം ജനങ്ങളോട് വിശദീകരിക്കാനും അതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും ആവശ്യപ്പെട്ടിരുന്നു.
നാല് കോവിഡ് -19 കേസുകള്‍ പുറത്തുവന്നതിന് ശേഷം തങ്ങളുടെ ഗ്രാമം ലോക്കഡൗണിലായതായും പട്ടേല്‍ ദേശീയ ദിനപത്രത്തോട് പറഞ്ഞു. പഞ്ചായത്തും അദ്ദേഹത്തിന്റെ ഭാഗമായ സമിതിയും അവശ്യവസ്തുക്കള്‍ വീടുകളില്‍ എത്തിക്കുമെന്ന് ഉറപ്പുനല്‍കുകയും അത് പാലിക്കുകയും ചെയ്തു. തന്റെ ഗ്രാമത്തിലെയും ജില്ലയിലെയും ആളുകളോട് കൂട്ടം കൂടരുതെന്നും കൃത്യമായ ഇടവേളകളില്‍ കൈകഴുകണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ക്രിക്കറ്റ് കരിയറിന് വിരാമമിട്ട ശേഷം അദ്ദേഹം തന്റെ ഗ്രാമത്തില്‍ താമസിക്കാന്‍ തീരുമാനിക്കുകയായയിരുന്നു. നാട്ടില്‍ ഏവര്‍ക്കും പ്രിയങ്കരനായ വ്യക്തി കൂടിയാണ് മുനാഫ്. ആളുകള്‍ അദ്ദേഹത്തെ ഇഖാറില്‍ മുന്ന എന്നാണ് വിളിക്കുന്നത്.
Post Your Comments