സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തത് വഞ്ചനപരം, കള്ളക്കടത്ത് കേസിലെ പ്രതികളെ ന്യായീകരിക്കാന്‍ ചാനലില്‍ പോകുന്ന തിരക്കിലായത് കൊണ്ടാവാം യുവജന നേതാക്കള്‍ ഈ വിഷയം മറന്നു പോയത് ; ശോഭാ സുരേന്ദ്രന്‍

സംസ്ഥാനത്തെ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തതിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ രംഗത്ത്. കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന യുവാക്കളുടെ പ്രതീക്ഷയായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തത് വഞ്ചനപരമായ നടപടിയാണെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

ലക്ഷക്കണക്കിന് രൂപ ശമ്പളം കൊടുത്ത് യോഗ്യതയില്ലാത്ത സ്ഥാനങ്ങളില്‍ പത്താം ക്ലാസ്സും തട്ടിപ്പുമായി നടക്കുന്നവരെ കണ്‍സള്‍ട്ടന്‍സിയുടെ മറവില്‍ തിരുകി കയറ്റുന്ന പിണറായി സര്‍ക്കാര്‍, യോഗ്യതയുടെ എല്ലാ കടമ്പകളും കടന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നില്‍ തൊഴില്‍ എന്ന സ്വപ്നം കൊട്ടിയടയ്ക്കുകയാണെന്നും അവര്‍ ആരോപിച്ചു. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലെ എസ് എഫ് ഐ സഖാക്കള്‍ കാരണമാണ് 5 മാസം ഈ ലിസ്റ്റ് മരവിപ്പിച്ചതെന്നും പിന്നീട് ഇത് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വീണ്ടും 3 മാസം നീട്ടിയെന്നും അതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ ലിസ്റ്റിന്റെ കാലാവധി നീട്ടുക എന്നതാണ് നീതിയെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

എന്നാല്‍ ഈ നീതി നിഷേധിക്കുന്നതിന് പുറമെ നിലവിലെ ഒഴിവുകള്‍ പോലും പൂഴ്ത്തി വെച്ച് ഉദ്യോഗാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സര്‍ക്കാരിന് കീഴിലുള്ള യുവജന കമ്മീഷന്‍ പാലിക്കുന്ന കുറ്റകരമായ മൗനം ലജ്ജിപ്പിക്കുന്നതാണെന്നും അവര്‍ കുറ്റപ്പെടുത്തി. അതേസമയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യുവജന നേതാക്കള്‍ കള്ളക്കടത്ത് കേസിലെ പ്രതികളെ ന്യായീകരിക്കാന്‍ ചാനലില്‍ പോകുന്ന തിരക്കിലായത് കൊണ്ടാവാം ഈ വിഷയം മറന്നു പോയതെന്നും ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചു. രാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ യുവജനങ്ങള്‍ ഒറ്റകെട്ടായി ഈ വിഷയത്തില്‍ പ്രതികരിക്കണം. ഇത് തൊഴില്‍ നിഷേധം എന്നതിനപ്പുറം നീതി നിഷേധമാണെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Share
Leave a Comment