CricketLatest NewsNewsSports

ഐസിസി ഏകദിന റാങ്കിംഗ് പ്രഖ്യാപിച്ചു ; ആദ്യ രണ്ട് സ്ഥാനത്ത് കൊഹ്ലിയും രോഹിത്തും

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ആദ്യ രണ്ട് ബാറ്റിംഗ് സ്ഥാനങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നിലനിര്‍ത്തി. 871 റേറ്റിംഗ് പോയിന്റുമായി കൊഹ്ലി ഒന്നാം സ്ഥാനത്തും 855 റേറ്റിംഗ് പോയന്റുമായി രോഹിത് രണ്ടാം സ്ഥാനത്തുമാണ്. 829 റേറ്റിംഗ് പോയന്റുമായി പാക്കിസ്ഥാന്റെ ബാബര്‍ അസം ആണ് മൂന്നാം സ്ഥാനത്ത്.

അതേസമയം ബൗളര്‍മാരുടെ റാങ്കിംഗില്‍ 701 റേറ്റിംഗ് പോയന്റുമായി ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര രണ്ടാം സ്ഥാനത്താണ്. 719 റേറ്റിംഗ് പോയന്റുമായി ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. 701 റേറ്റിംഗ് പോയന്റുമായി അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് റഹ്മാനാണ് മൂന്നാം സ്ഥാനത്ത്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ മാത്രമാണുള്ളത്. എട്ടാം സ്ഥാനത്താണ് ജഡേജ. അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് നബിയാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. തൊട്ടു പിന്നില്‍ തന്നെ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സുമുണ്ട്.

കോവിഡ് ഇടവേളക്കിടെ ഏകദിന മത്സരങ്ങളൊന്നും നടക്കാത്തതിനാല്‍ റാങ്കിംഗിലും കാര്യമായ വ്യത്യാസങ്ങളില്ല. എന്നാല്‍ അടുത്ത ആഴ്ച മൂന്ന് മത്സരങ്ങളുടെ ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് ലോകകപ്പ് സൂപ്പര്‍ സീരീസ് പോരാട്ടം ആരംഭിക്കുന്നതിനാല്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് റാങ്കിംഗില്‍ മുന്നേറാന്‍ അവസരമുണ്ട്. ഇതിനാല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്താല്‍ 11-ാം സ്ഥനത്തുള്ള ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിക്കും 14-ാം റാങ്കിലുള്ള വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍‌സ്റ്റോക്കും ആദ്യ പത്തില്‍ ഉള്‍പ്പെടാന്‍ അവസരം ലഭിച്ചേക്കും. ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ 23-ാം സ്ഥാനത്താണ്.

2023 ല്‍ ഇന്ത്യയില്‍ നടക്കുന്ന അടുത്ത ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പില്‍ നേരിട്ടുള്ള യോഗ്യതാ സ്ഥാനങ്ങള്‍ക്കായി 13 ടീമുകള്‍ മത്സരിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൂപ്പര്‍ ലീഗിന്റെ തുടക്കമാണ് ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് പരമ്പര. ഇന്ത്യയും മറ്റ് ഏഴ് ടീമുകളും ലീഗില്‍ നിന്ന് നേരിട്ട് കളിക്കും, ശേഷിക്കുന്ന ടീമുകള്‍ക്ക് ഒരു യോഗ്യതാ മത്സരത്തിലൂടെ രണ്ടാം അവസരം ലഭിക്കും. ടീമുകള്‍ക്ക് ഒരു വിജയത്തിന് 10 പോയിന്റും ഒരു സമനിലയ്ക്ക് അഞ്ച് പോയിന്റും ആയിരിക്കും നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button