മുംബൈ: കരിയറിന്റെ അവസാനകാലത്ത് ബിസിസിഐയില്‍ കുറച്ചുകൂടെ മാന്യത പ്രതീക്ഷിച്ചിരുന്നുവെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്. സ്പോര്‍ട്സ്‌കീഡയുമായി സംസാരിക്കുകയായിരുന്നു യുവരാജ്. തന്റെ മുന്‍ ടീമംഗങ്ങളായ ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ എന്നിവരെ അവരുടെ കരിയറിന്റെ അവസാന ഘട്ടത്തില്‍ ബിസിസിഐ അവഗണിച്ചു എന്നും ദേശീയ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിടവാങ്ങല്‍ നല്‍കണമെന്നും ഇന്ത്യയില്‍ അത്തരമൊരു പതിവില്ലെന്നും യുവരാജ്.
19 വര്‍ഷം രാജ്യത്തിന് വേണ്ടി കളിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജിന് വിടവാങ്ങല്‍ മത്സരം ലഭിച്ചിരുന്നില്ല, സഹീറിനും സെവാഗിനും ലഭിച്ചിരുന്നില്ല. തന്റെ കരിയറിന്റെ അവസാനത്തില്‍ ബിസിസിഐ തന്നെ കൈകാര്യം ചെയ്ത രീതി ‘പ്രൊഫഷണലല്ല’ എന്നായിരുന്നു യുവരാജിന്റെ അഭിപ്രായം.
മറ്റൊരാള്‍ക്ക് വിടവാങ്ങല്‍, അത് എനിക്ക് തീരുമാനിക്കാനുള്ളതല്ല. ഇത് ബിസിസിഐ ആണ്. അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയോടെ മാത്രമെ ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളൂ. എന്നാല്‍ ഞാനൊരു ഇതിഹാസമൊന്നുമല്ല. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ളവരാണ് ഇതിഹാസങ്ങള്‍. എനിക്ക് ദീര്‍ഘകാലം ടെസ്റ്റ് കളിക്കാന്‍ ആയിട്ടില്ല. പക്ഷേ, എന്റെ കരിയറിന്റെ അവസാനത്തില്‍ അവര്‍ എന്നെ കൈകാര്യം ചെയ്ത രീതി വളരെ പ്രൊഫഷണലല്ലെന്ന് എനിക്ക് തോന്നി. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ചില മികച്ച കളിക്കാരെ തിരിഞ്ഞുനോക്കുമ്പോള്‍ പ്രത്യേകിച്ച് ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ എന്നിവരെ മോശമായി കൈകാര്യം ചെയ്തു. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമാണ്, പണ്ട് ഞാന്‍ അത് കണ്ടിട്ടുണ്ട്, അതിനാല്‍ ഞാന്‍ ശരിക്കും ആശ്ചര്യപ്പെട്ടില്ല.
ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച സംഭാവനകള്‍ നല്‍കിയ ഗൗതം ഗംഭീര്‍, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയവരും അര്‍ഹിക്കുന്ന യാത്രയയപ്പ് ലഭിക്കാതെ പോയവരാണ്. രാജ്യത്തിനായി ഇത്രയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള താരങ്ങളെ അവഗണിക്കരുത്. ഈ തലമുറയിലെ താരങ്ങള്‍ക്കെങ്കിലും ഭാവിയിലെങ്കിലും കുറച്ചുകൂടി ബഹുമാനം നല്‍കണം.
നമ്മള്‍ക്ക് വേണ്ടി രണ്ട് ലോകകപ്പ് നേടിതന്ന താരമാണ് ഗംഭീര്‍. അദ്ദേഹത്തെ ഇങ്ങനെയല്ല പറഞ്ഞയക്കേണ്ടത്. ടെസ്റ്റിലെ സുനില്‍ ഗവാസ്‌കറിനുശേഷം ഏറ്റവും വലിയ മാച്ച് ജേതാക്കളായ സേവാഗിന്റെ കാര്യമോ? ലക്ഷ്മണ്‍, 350 വിക്കറ്റുള്ള സഹീര്‍ ഖാന്‍ തുടങ്ങിയവരുടെ കാര്യവും വ്യത്യസ്തമല്ല.” യുവി പറഞ്ഞുനിര്‍ത്തി.
Post Your Comments