ഇസ്ലാമാബാദ് : കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട നാള് മുതല്‍ ലോകത്തിന്റെ സംശയനിഴലിലാണ് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി. അതീവ രഹസ്യ സ്വഭാവമുള്ള ഈ ലാബില്‍ നിന്നുമാണ് കൊവിഡ് 19ന് കാരണമായ കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് അമേരിക്കയടക്കമുള്ളവര്‍ ആരോപണം ഉയര്‍ത്തുകയും ചെയ്തിരുന്നു. കൊവിഡ് ചൈന ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ വീണ്ടും വിവാദ കേന്ദ്രമായി മാറിയിരിക്കുകയാണ് വുഹാന്‍ ലാബ്.
ഇത്തവണ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പാകിസ്ഥാനുമായി കൈകോര്‍ത്ത് ആന്ത്രാക്സ് ഉള്‍പ്പെടെയുള്ള ജൈവായുധ സംബന്ധമായ ഗവേഷണങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ വീണ്ടുമൊരു മഹാമാരി സൃഷ്ടിക്കാനുള്ള പുറപ്പാടിലാണോ ചൈനയെന്നാണ് പലരും ഉറ്റുനോക്കുന്നത്.പാകിസ്ഥാനും ചൈനയും ചേര്‍ന്ന് ജൈവായുധശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രഹസ്യകരാറില്‍ ഏര്‍പ്പെട്ടതായി ഓസ്ട്രേലിയന്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മാരകമായ ആന്ത്രാക്സ് ഉള്‍പ്പെടെയുള്ള വൈറസുകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ചൈന പാകിസ്ഥാനില്‍ നടത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയന്‍ അന്വേഷണാത്മക പത്രമായ ക്ലക്സോണിലാണ് ജൂലായ് 23ന് പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളിലാണ് പാക് – ചൈന രഹസ്യ കരാറിനെ സംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി പാകിസ്ഥാന് മിലിട്ടറിയുടെ ഡിഫന്‍സ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് സാംക്രമിക രോഗങ്ങളെ പറ്റിയുള്ള 3 വര്‍ഷ ഗവേഷണത്തിന്റെ രഹസ്യകരാര്‍ ഒപ്പ് വച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേ സമയം, ആരോപണം നിഷേധിച്ച് പാകിസ്ഥാന് രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്ത രാഷ്ട്രീയ പ്രേരിതവും വ്യാജവുമാണെന്നാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.തങ്ങളുടെ ബയോസേഫ്റ്റി ലെവല്‍ – 3 വിഭാഗത്തില്‍പ്പെടുന്ന ലബോറട്ടിയില്‍ രഹസ്യ സ്വഭാവമുള്ള യാതൊരു പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നാണ് പാകിസ്ഥാന്റെ വിശദീകരണം.
പേര് വെളിപ്പെടുത്താത്ത ഇന്റലിജന്‍സ് വൃത്തത്തെ ഉദ്ധരിച്ചാണ് ഓസ്ട്രേലിയന്‍ മാദ്ധ്യമം വാര്‍ത്ത പുറത്തുവിട്ടത്.ചൈനയാണ് പദ്ധതിയുടെ ചെലവുകള്‍ വഹിക്കുന്നത്. ആന്ത്രാക്സിന് കാരണമായ ബാസിലസ് ആന്ത്രാസിസിന് സമാനമായ ‘ ബാസിലസ് തുറിന്‍ജിയെന്‍സിസ് ‘ ബാക്ടീരിയയെ വേര്‍തിരിച്ചെടുക്കുന്ന സാമ്ബിള്‍ പരിശോധനകള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസുകളെയും ജൈവായുധങ്ങളെയും കൈകാര്യം ചെയ്യുന്നതിന് വുഹാന്‍ ലാബ് പാക് ഗവേഷകര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments