KeralaLatest NewsNews

ചെന്നിത്തലയും ബി.ജെ.പിയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് ഉമ്മന്‍ചാണ്ടി രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്ന് കോടിയേരിബാലകൃഷ്ണന്‍

തിരുവനന്തപുരം • പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പിയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാവിലെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉച്ചയ്ക്ക് ശേഷം ഏറ്റുപറയുകയാണ് പ്രതിപക്ഷനേതാവ് ചെയ്യുന്നത്. സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചുവെന്ന ആരോപണം കെ.സുരേന്ദ്രന്‍ ഉന്നയിച്ചു. ഉടനെ രമേശ് ചെന്നിത്തല അത് ഏറ്റെടുത്തു. ഇതിലെന്തെങ്കിലും വസ്തുത ഉണ്ടോയെന്ന് പരിശോധിച്ചു കൊണ്ടല്ല ഈ ആരോപണം ഏറ്റെടുത്തത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് വിശദീകരിച്ചിട്ടും ഈ നുണ ആവര്‍ത്തിക്കാനാണ് പ്രതിപക്ഷ നേതാവ് തയ്യാറായത്. പ്രതിപക്ഷ നേതാവും ബി.ജെ.പി പ്രസിഡന്റും നുണകള്‍ ഒരേ സമയം പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മില്‍ എല്‍ ഡി എഫ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിച്ച അനുഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. 1991 ലെ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തുന്നത് തടയാനാണ് കോണ്‍ഗ്രസ്സ് – ബി.ജെ.പി – ലീഗ് സംഖ്യം ഉണ്ടാക്കിയത്. വടകര പാര്‍ലിമെന്റ് മണ്ഡലത്തിലും ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തിലും പരസ്യമായ സഖ്യം ഉണ്ടാക്കി പ്രവര്‍ത്തിച്ച കാര്യം ഉമ്മന്‍ചാണ്ടി മറന്നുപോയോ? കോണ്‍ഗ്രസ്സ് നേതാക്കളുടെ മതനിരപേക്ഷ നിലപാടിന് എ.കെ.ജി സെന്ററിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്നു പറയുന്ന ഉമ്മന്‍ചാണ്ടിക്ക് ഇന്നത്തെ ബി.ജെ.പി എം.പി മാരില്‍ നൂറിലധികം പേര്‍ മുന്‍ കോണ്‍ഗ്രസ്സ് നേതാക്കാന്മാരാണെന്ന കാര്യം അിറിയാത്തതാണോ? ജ്യോതിരാദിത്യ സിന്ധ്യ മതനിരപേക്ഷ നിലപാടുള്ള ആളായിരുന്നില്ലേ? സച്ചിന്‍ പൈലറ്റ് ബി.ജെ.പിയിലാണോ കോണ്‍ഗ്രസ്സിലാണോ എന്നു പറയാന്‍ എ.ഐ.സി.സി സെക്രട്ടറിയായ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ?

ഇ.എം.എസ് സര്‍ക്കാരിനെ താഴത്തിറക്കാന്‍ നടന്ന വിമോചന സമരത്തില്‍ ജനസംഘം നേതാവ് വാജ്‌പേയിയുടെ പിന്തുണ ഉണ്ടായ കാര്യം എല്ലാവര്‍ക്കും അിറിയുന്നതല്ലെ. അസംബ്ലി തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ തോല്‍പ്പിക്കാന്‍ യു.ഡി.എഫിന് കഴിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ജമാഅത്തെ ഇസ്ലാമിയും, എസ്.ഡി.പി.ഐ യുമായി മുന്നണിയുണ്ടാക്കാന്‍ മുസ്ലീം ലീഗും, കോണ്‍ഗ്രസ്സും തീരുമാനിച്ചിട്ടുള്ളത്. ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല എന്നതുകൊണ്ടാണ് സംഘപരിവാറുമായി ചേര്‍ന്ന് സമാന്തര സമരപരിപാടികള്‍ കോണ്‍ഗ്രസ്സ് ആസൂത്രണം ചെയ്യുന്നത്.

എല്‍.ഡി.എഫ് ഗവണ്‍മെന്റിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഒരു ആരോപണവും തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കോടതിയില്‍ കൊടുത്ത കേസുകളിലെ വിധികളെല്ലാം തന്നെ പ്രതിപക്ഷം നടത്തിയ ആരോപണങ്ങളെ തള്ളിക്കളയുന്നതായിരുന്നു. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ കസ്റ്റംസിനും എന്‍.ഐ.എയ്ക്കും നല്‍കട്ടെ. ഗവണ്‍മെന്റിനും എല്‍ ഡി എഫിനും എതിരായി തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ്സ് ബി.ജെ.പി തന്ത്രത്തെ ജനങ്ങള്‍ തിരിച്ചറിയും. എല്‍.ഡി.എഫ് ഗവണ്‍മെന്റിനെ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തെയും കേരളത്തിലെ ജനങ്ങള്‍ ചെറുത്ത് പരാജയപ്പെടുത്തുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button