കാസര്‍ഗോഡ് : കൊവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളുമായി കാസർഗോഡ് ജില്ല ഭരണകൂടം. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും.
ജില്ലയില്‍ ഇന്ന് 105 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെങ്കള പഞ്ചായത്തിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് രോഗബാധയുണ്ടായി. ഇതോടെ ചടങ്ങില്‍ പങ്കെടുത്ത മറ്റ് മുഴുവന്‍ പേരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹം സംഘടിപ്പിച്ചതിന് വീട്ടുടമയ്‌ക്കെതിരെ രണ്ടു വര്‍ഷം കഠിന തടവും, പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുത്തു. സമാനമായ രീതിയില്‍ മംഗല്‍പാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലും വിവാഹം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിലും കേസെടുക്കാന്‍ നിര്‍ദേശമുണ്ട്.
ചെങ്കളയിലെ വിവാഹ ചടങ്ങുള്‍പ്പെടെ പുതിയ മൂന്ന് ക്ലസ്റ്ററുകള്‍ കൂടി രൂപപ്പെടുത്തി. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം ഒന്‍പതായി. ഉവിടമറിയാത്ത 14 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ഹൊസ്ദുര്‍ഗ്ഗ്, നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. ഇവിടങ്ങളില്‍ ഓട്ടോ-ടാക്‌സി സര്‍വീസുകള്‍ അനുവദിക്കില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.
ദേശീയ പാതയിലടക്കം നിയന്ത്രണം കര്‍ശനമാക്കാനാണ് പൊലീസിന്റ തീരുമാനം. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തൃക്കരിപ്പൂര്‍ എംഎല്‍എ എം. രാജഗോപാല്‍, സിപിഐഎം മുന്‍ ജില്ല സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ അടക്കമുള്ള 15 സിപിഐഎം നേതാക്കള്‍ ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്.
Post Your Comments