ന്യൂഡല്‍ഹി : ഇന്ത്യയില്‍ 5ജി പദ്ധതിയില്‍ നിന്നു ചൈനീസ് കമ്പനികളായ വാവെയ്, സെഡ്ടിഇ എന്നിവയെ കേന്ദ്രം ഒഴിവാക്കും. യുഎസ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ പാത ഇന്ത്യയും പിന്തുടര്‍ന്നാല്‍ 5ജി സംവിധാനം വീണ്ടും വൈകും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍, രവിശങ്കര്‍ പ്രസാദ്, എസ്. ജയശങ്കര്‍ എന്നിവരുള്‍പ്പെട്ട ഉന്നതതല സമിതി ഏതാനും ദിവസം മുന്‍പു ചേര്‍ന്നിരുന്നു. ഇരുകമ്പനികളെയും ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം ഉടനുണ്ടാകുമെന്നാണു ടെലികോം മന്ത്രാലയം നല്‍കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പരിഗണനയിലാണ്.
ചൈനയുമായി സമീപകാലത്തുണ്ടായ തര്‍ക്കങ്ങളും സുരക്ഷ ഉള്‍പ്പെടെ പ്രശ്‌നങ്ങളും വിലക്കിനു കാരണമാകുമെന്നു ടെലികോം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. 5ജി പരീക്ഷണത്തിന്റെ ഭാഗമായ വിവരങ്ങള്‍ രാജ്യത്തിനു പുറത്തു പോകുന്നതിലും മറ്റൊരു രാജ്യത്തിരുന്നു സാങ്കേതിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിലും കേന്ദ്രത്തിന് എതിര്‍പ്പുണ്ട്.
Post Your Comments