ദിസ്പൂര്‍: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വരുമാനം നിലച്ച് കടുത്ത ദാരിദ്ര്യത്തിലായ തൊഴിലാളി തന്റെ പതിനഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റു. അസമിലെ കൊക്രാജറിലാണ് സംഭവം.സംഭവത്തില്‍ കൊക്രാജര്‍ ജില്ലയിലെ വനഗ്രാമമായ ധന്തോള മന്ദാരിയയില്‍ താമസിക്കുന്ന പിതാവ് ദിപക് ബ്രഹ്മ ഉള്‍പ്പടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവര്‍ക്കുമെതിരെ മനുഷ്യക്കടത്ത് കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ജൂലൈ 2 നാണ് ദിപക് തന്റെ മകളെ രണ്ട് സ്ത്രീകള്‍ക്ക് 45,000 രൂപയ്ക്ക് വിറ്റത്. സംഭവം അറിഞ്ഞ ഭാര്യയും ഗ്രാമവാസികളും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.
ബ്രഹ്മ തൊഴില്‍രഹിതനായിരുന്നുവെന്നും കുടുംബത്തെ പോറ്റാന്‍ കഴിഞ്ഞില്ലെന്നും അത്തരം ദുഷ്‌കരമായ സമയത്താണ് ബ്രഹ്മാവിന്റെ ഭാര്യ മറ്റൊരു മകളെ പ്രസവിച്ചതെന്നും നിദാന്‍ ഫൗണ്ടേഷന്റെ പ്രസിഡന്റ് ദിഗാംബര്‍ നര്‍സാരി പറഞ്ഞു. കോവിഡ് സമയത്ത് ബ്രഹ്മ ജോലി കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും ഒന്നും തന്നെ ലഭിച്ചില്ല. അത്തരമൊരു ഘട്ടത്തിലാണ് ഈ കടുംകൈക്ക് മുതിര്‍ന്നത്. കുഞ്ഞിനെ രക്ഷിച്ചതിന് ഞങ്ങള്‍ പോലീസിനോട് നന്ദി പറയുന്നു. എന്നാല്‍ പ്രശ്‌നം വളരെ ഗുരുതരമായ സ്വഭാവമാണ്. ലോക്ക്ഡൗണ്‍ കാരണം, പാവപ്പെട്ടവര്‍ക്ക് ജോലിയൊന്നുമില്ല. വനഗ്രാമങ്ങളില്‍ താമസിക്കുന്നവരുടെ സ്ഥിതി കൂടുതല്‍ വഷളാകുന്നുവെന്നും നര്‍സാരി പറഞ്ഞു.
അതേസമയം കുട്ടികളില്ലാത്തതു കൊണ്ടാണ് തങ്ങള്‍ കുഞ്ഞിനെ വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ അറസ്റ്റ് ചെയ്ത രണ്ട് സ്ത്രീകളും മൊഴി നല്‍കി.
Post Your Comments