കൊല്‍ക്കത്ത • മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹൊസൈന്‍ കഴിഞ്ഞദിവസമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ചൊവ്വാഴ്ച പശ്ചിമ ബംഗാള്‍ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ഗംഭീര സ്വീകരണ ചടങ്ങില്‍ വച്ചാണ് ഹൊസൈന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനകം താന്‍ ബി.ജെ.പി വിട്ടതായി അറിയിച്ചിരിക്കുകയാണ് താരം.
“രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നു” മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, കേരള ബ്ലാസ്റ്റേഴ്സ്, മറ്റ് ക്ലബ്ബുകൾ തുടങ്ങിയവര്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള ഉ മിഡ്ഫീൽഡർ ഹൊസൈൻ പറഞ്ഞു.
“ഞാൻ ഇന്നലെ ബിജെപിയിൽ ചേർന്നിരുന്നു, എന്നാൽ ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ എന്റെ ബന്ധുക്കളും അടുത്തും പ്രിയപ്പെട്ടവരും ആരാധകരും അതൃപ്തി പ്രകടിപ്പിച്ചു. എന്നെ രാഷ്ടീയത്തില്‍ അല്ല കളിക്കളത്തില്‍ ആണ് കാണാന്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അതിനാൽ അവരുടെ അഭ്യർത്ഥനകൾ എനിക്ക് നിരസിക്കാൻ കഴിയില്ലെന്നും ഹൊസൈന്‍ പറഞ്ഞു.
ബംഗാള്‍ ഭരണകക്ഷിയില്‍ നിന്ന് എനിക്ക് ഭീഷണി ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ , തന്നെ ആരും സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
”ജനങ്ങളോടൊപ്പം നില്‍ക്കണം എന്ന തീരുമാനത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍, ഭാര്യയും മക്കളും പോലും തന്റെ തീരുമാനത്തോടൊപ്പം നിന്നില്ല. ഇതാണ് മാറാന്‍ കാരണം”മെഹ്താബ് പറഞ്ഞു.
കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് സുപരിചിതനായ മെഹ്താബ് 2014 മുതല്‍ 2016 വരെയുള്ള രണ്ടുവര്‍ഷം ഐ.എസ്.എല്‍ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി 31 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏറെക്കാലം ഈസ്റ്റ് ബംഗാള്‍ നായകനായിരുന്ന മെഹ്താബ് മോഹന്‍ ബഗാന്, ഒ.എന്‍.ജി.സി, ജംഷഡ്പൂര്‍ എഫ്.സി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി രണ്ട് ഗോളുകളും നേടി. 2018-19 സീസണ് ഒടുവിലാണ് മെഹ്താബ് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നത്.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മെഹ്താബ് പാര്‍ട്ടി വിട്ടതെന്ന് ബി.ജെ.പി ആരോപിച്ചു.
Post Your Comments