Latest NewsNewsUK

യുകെയില്‍ മറ്റൊരു കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടാലും ദേശീയ തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ലണ്ടൻ : ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആണവായുധം പ്രയോഗിക്കുന്നതിന് തുല്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. മറ്റൊരു കോവിഡ് വൈറസ് വന്നാലും ഒരിക്കല്‍ക്കൂടി ഇനി ദേശീയ ലോക്ക് ഡൗണ്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു. രാജ്യം വീണ്ടും അത്തരമൊരു അവസ്ഥയിലേക്ക് പോകുന്നതിനെ കുറിച്ച് തനിക്ക് ആലോചിക്കാന്‍ പോലും സാധിക്കില്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ ബോറിസ് വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യം വിന്ററിലേക്ക് പ്രവേശിക്കുമ്പോള്‍ കൊറോണയുടെ രണ്ടാംതരംഗവും ഫ്‌ലൂവും ശക്തിയാര്‍ജിക്കാന്‍ സാധ്യതയേറിയിരിക്കുന്നതിനാല്‍ ലോക്ക്ഡൗണ്‍ പോലുള്ള കടുത്ത നിയന്ത്രണങ്ങള്‍ അനിവാര്യമാകാമെന്നാണ് യുകെയിലെ ചീഫ് സയന്റിഫിക് അഡൈ്വസര്‍ മുന്നറിയിപ്പേകിയത്. എന്നാല്‍ പകരം ഇനി പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ കൗണ്‍സിലുകള്‍ക്ക് പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനുളള പുതിയ അധികാരം സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്.

ലെസ്റ്റര്‍ രണ്ടാഴ്ചത്തെ പ്രാദേശിക ലോക്ക്ഡൗണിലായിരുന്നു. ഇംഗ്ലണ്ടില്‍ വിവിധ പ്രദേശങ്ങളില്‍ വീണ്ടും കൊറോണ ബാധ രൂക്ഷമായതിനെ തുടര്‍ന്നാണ് ഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ തന്നെ കൗണ്‍സിലുകള്‍ക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പുതിയ വിവേചന അധികാരം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇത്തരം അധികാരത്തിലൂടെ ഓരോ കൗണ്‍സിലുകള്‍ക്കും അത്യാവശ്യ വേളയില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താമെന്നും ഇതിലൂടെ ദേശീയ വ്യാപകമായുള്ള ലോക്ക്ഡൗണ്‍ ഒഴിവാക്കാമെന്നുമാണ് ബോറിസ് പറയുന്നത്.

രാജ്യത്ത് കൊറോണ കുറയുന്ന സാഹചര്യത്തില്‍ ദേശീയ തലത്തിലുള്ള ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്നും പ്രാദേശിക തലത്തില്‍ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നത് തിരിച്ചറിയാനും, ഐസൊലേറ്റ് ചെയ്യാനും അധികൃതര്‍ക്ക് സാധിക്കുന്നുണ്ടെന്നും ബോറിസ് കൂട്ടിച്ചേര്‍ത്തു. പ്രാദേശിക കൊറോണ പകര്‍ച്ചകളെ നിയന്ത്രിക്കാന്‍ പ്രാദേശിക ലോക്ക്ഡൗണുകള്‍ പര്യാപ്തമാണെന്നു വിദഗ്ധര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നിലപാടെടുത്തിരിക്കുന്നതെന്നും ബോറിസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button