KeralaLatest NewsNews

ലഭിച്ച സഹായധനത്തിലെ ശേഷിക്കുന്ന പണം ചോദിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി ; ഫിറോസ് കുന്നംപറമ്പിലിനെയും സാജന്‍ കേച്ചേരിയെയും ചോദ്യം ചെയ്തു

കൊച്ചി: മാതാവിന്റെ ചികിത്സാ സഹായത്തിന് ബാങ്ക് അക്കൗണ്ടിലെത്തിയ വന്‍ തുക ആവശ്യപ്പെട്ടു യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലിനെയും സാജന്‍ കേച്ചേരിയെയും പൊലീസ് ചോദ്യം ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് ഇവരെ ചോദ്യം ചെയ്തത്. ഫിറോസിനെയും സാജനെയും കൂടാതെ സലാം, ഷാഹിദ് എന്നിവരെയും പൊലീസ് ചോദ്യം ചെയ്തു.

ഇവരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചതായും പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചത് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചുവെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ബാങ്ക് അവധിയായിരുന്നതിനാല്‍ പണം എത്തിയ അക്കൗണ്ടിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇതു ലഭിച്ചാലേ വര്‍ഷയുടെ അക്കൗണ്ടില്‍ കൃത്യം എത്ര രൂപയെത്തിയെന്നും ആരൊക്കെയാണ് ഇതിലേക്ക് പണമിട്ടതെന്നുമുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കു.

അതേസമയം വര്‍ഷയെ ഭീഷണിപ്പെടുത്തിയോ എന്ന ചോദ്യത്തിന് മറ്റ് രോഗികള്‍ക്കു കൂടി കൊടുക്കണമെന്നാണ് പറഞ്ഞതെന്നും അങ്ങനെ വിളിച്ചിരുന്നതായും അത് ഭീഷണിയെങ്കില്‍ ഭീഷണിയെന്ന് എസിപി ലാല്‍ജി പറഞ്ഞു. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതിനുമാണു ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മാതാവ് രാധയുടെ ശസ്ത്രക്രിയയ്ക്കായുള്ള തുക കണ്ടെത്താന്‍ വേണ്ടിയായിരുന്നു വര്‍ഷ സമൂഹമാധ്യമങ്ങളിലൂടെ കരഞ്ഞ് തന്റെ അവസ്ഥ വെളിപ്പെടുത്തി വീഡിയോ പങ്കുവച്ചത്. ഇതേതുടര്‍ന്ന് സാജന്‍ കേച്ചരി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വര്‍ഷയുടെ അമ്മയ്ക്കായി വീഡിയോ ചെയ്യുകയും അത് ഫിറോസ് കുന്നുംപറമ്പിലടക്കമുള്ളവര്‍ പങ്കുവക്കുകയും തുടര്‍ന്ന് യുവതിയുടെ അക്കൗണ്ടിലേക്ക് 1.20 കോടിയോളം രൂപ എത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ചികിത്സ ചെലവും ആവശ്യമായ തുകയും എടുത്ത ശേഷം ബാക്കി മറ്റു രോഗികള്‍ക്ക് നല്‍കണമെന്ന് സാജന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെടുകയായിരുന്നു.

തങ്ങള്‍ വീഡിയോ ചെയ്തപ്പോള്‍ തന്നെ അത്തരം ഒരു നിബന്ധന വച്ചിരുന്നതായി സാജന്‍ പറഞ്ഞിരുന്നു. ഇതില്‍ ചികിത്സാ ആവശ്യം കഴിഞ്ഞുള്ള തുകയുടെ വിനിയോഗത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണു കേസില്‍ കലാശിച്ചത്. തുക നല്‍കില്ലെന്ന് പിന്നീട് വര്‍ഷ പറഞ്ഞതോടെയാണ് സംഭവം വഷളായി തുടങ്ങിയത്.
ഭീഷണി ഭയന്ന് ഇതിനകം വര്‍ഷ ഒന്നിലേറെ തവണയായി ഫോണ്‍ നമ്പര്‍ മാറ്റിയാണ് ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button