കര്‍ക്കടകമാസം രാമായണമാസമായി ആചരിച്ചുപോരുന്നു. ഏഴു കാണ്ഡങ്ങളായി വാല്മീകിമഹര്‍ഷി എഴുതിയ ആദ്യകാവ്യമായ രാമായണം ഭക്തിയോടെ കര്‍ക്കിടകമാസത്തിലുടനീളം പാരായണം ചെയ്യുന്നത് കുടുംബ ഐശ്വര്യത്തിന് കാരണമാകും എന്നാണ് വിശ്വാസം. എന്നാല്‍ കര്‍ക്കടകത്തിന് ധാരാളം പ്രത്യേകതകള്‍ ഉണ്ട്. ദക്ഷിണായണകാലം ആരംഭിക്കുന്നത് കര്‍ക്കടകത്തിലാണ്. ഉത്തരായണം ദേവന്മാര്‍ക്ക് പകലും ദക്ഷിണായണം ദേവന്മാര്‍ക്ക് രാത്രിയുമാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കര്‍ക്കടകം ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. ഈ ദേവസന്ധ്യയില്‍ അമൃതസ്വരൂപികളായ നമ്മള്‍ രാമന്റെ നാമങ്ങള്‍ ചൊല്ലുന്നു. ഇതിലൂടെ രാജ്യത്തിനും മനുഷ്യവാസ ഗ്രഹത്തിനും ദേവാലയങ്ങള്‍ക്കും ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും ഗുണം ഉണ്ടാകുന്നു.
ഭക്തിയും യുക്തിയും വിഭക്തിയും ചേര്‍ന്നതാണ് രാമായണം. ഇതിഹാസമെന്ന നിലയിലാണ് രാമായണം മഹത്തരമായിരിക്കുന്നത്. 5-ാമത്തെ വേദമായിട്ടാണ് രാമായണം പരിഗണിച്ചിരിക്കുന്നത്. ആധ്യാത്മികരഹസ്യങ്ങളും ധര്‍മ്മതത്വങ്ങളുമാണ് രാമായണത്തില്‍ പറയുന്നത്. നിരവധി ധര്‍മ്മതത്വങ്ങള്‍ ഉപദേശിക്കുന്ന ഗ്രന്ഥങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും ഉത്തമഗുണങ്ങളെ ഉദാഹരണങ്ങളിലൂടെ എങ്ങനെ വ്യത്യസ്തമായി പറയാം എന്നും രാമായണത്തിലുണ്ട്. ധര്‍മ്മങ്ങള്‍ എങ്ങനെ പാലിക്കപ്പെടണമെന്നും ധര്‍മ്മം പാലിക്കാത്തവരുടെ പതനം ഏതു വിധത്തിലാകുമെന്നും രാമായണം പറയുന്നു. ആയതിനാല്‍ കര്‍ക്കടകമാസം രാമായണമാസമായാണ് ആചരിക്കുന്നത്. ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഈ സമയം കൃഷിക്കനുയോജ്യമല്ലാത്തതിനാലാണ് പുണ്യാത്മാക്കളായ പൂര്‍വ്വികര്‍ കര്‍ക്കടകമാസം ഈശ്വരജപത്തിനായി മാറ്റിവച്ചത്.
ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലങ്ങള്‍ പെട്ടെന്ന് ഒഴിഞ്ഞുപോകുന്നതിനും പിതൃപ്രീതി ലഭിക്കുന്നതിനും അതായത് വെളുത്തവാവിന്റെ പിറ്റേദിവസം മുതല്‍ കറുത്തവാവു വരെയുള്ള 15 ദിവസം പിതൃക്കളാണ് നമ്മെ സംരക്ഷിക്കുന്നത്. അവരുടെ ഓണമാണ് കര്‍ക്കടകവാവ്. പിള്ളേരോണമാണ് കര്‍ക്കടകത്തിലെ തിരുവോണം. പിന്നെ ഇല്ലംനിറ, വല്ലംനിറ ആഘോഷിക്കുന്നത് കര്‍ക്കടകത്തിലാണ്. ഇങ്ങനെ പല പ്രാധാന്യങ്ങളുമുള്ള തത്വസമുദ്രം കടഞ്ഞെടുത്ത അമൃതായ രാമായണം സംസാര രോഗങ്ങള്‍ മാറാന്‍ അതിങ്ങനെ തന്നെ എടുത്തുകഴിച്ചാല്‍ മതി തത്വം അതില്‍ അലിഞ്ഞു കിടപ്പുണ്ട്. മഹാവിഷ്ണു രാമനായും വേദം രാമായണമായും അവതരിച്ചു എന്നാണ് വിശ്വസിക്കുന്നത്. വേദപാരായണ ഫലമാണ് രാമായണ പാരായണം കൊണ്ടും ലഭിക്കുന്നത്.
ചിങ്ങമാസം മുതല്‍ ഐശ്വര്യപൂര്‍ണ്ണമാകുന്നതാണ്. സൂര്യന്‍ ചന്ദ്രന്റെ ക്ഷേത്രമായ കര്‍ക്കടകത്തില്‍ സഞ്ചരിക്കുമ്പോള്‍ പുണ്യാത്മാക്കള്‍ക്ക് ബലക്ഷയം സംഭവിക്കും. ഇതിനൊരു പരിഹാരമാണ് രാമായണപാരായണവും വ്രതവും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പുണ്യകര്‍മ്മങ്ങളും മൈഥുനവും ഒഴിവാക്കണമെന്ന് പറയുന്നതും ഇതുകൊണ്ടാണ്. ചന്ദ്രന് ബലം സിദ്ധിക്കുന്ന സമയമാണ്. ഈ സമയത്ത് വീട്ടില്‍ കൊണ്ടുവരുന്ന ഒന്നിനും ക്ഷയം സംഭവിക്കില്ല. പൂജയ്ക്കും, പുത്തരി ഇല്ലംനിറ തുടങ്ങിയവയ്ക്കും പ്രാധാന്യവും ഔഷധിയുടെ അധിപന്‍ ചന്ദ്രനായതുകൊണ്ടാണ് ഔഷധസേവയ്ക്കും ദശപുഷ്പങ്ങള്‍ ചാര്‍ത്താനും ഈ മാസം ഉത്തമമായത്. നവഗ്രഹശാസ്ത്രത്തില്‍ ചന്ദ്രന്റെ അതിദേവതയായി ദേവിയെ കണക്കാക്കുന്നു.
ഭഗവതിസേവക്കും, തൃകാലപൂജയ്ക്കും, ശ്രീചക്രപൂജയ്ക്കും, ചണ്ഡികാഹോമത്തിനും കര്‍ക്കടകത്തില്‍ പ്രാധാന്യം കല്‍പിക്കുന്നത് മസ്തിഷ്‌കത്തിലെ നാഡീവ്യൂഹങ്ങളെ സചേതനമാക്കുകയാണ് ലക്ഷ്യം. യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാകുന്നില്ല. വളരെ പണചിലവുമില്ല. ഭക്തിയെന്നൊരു നിഷ്ട മാത്രം മുഖ്യം. ഭക്തിപൂര്‍വ്വം രാമായണം പാരായണം ചെയ്യുമ്പോള്‍ ശരീരവും ഭവനങ്ങളും ദേവാലയങ്ങളും ഗ്രാമവും ശുദ്ധമാകുന്നു. രോഗങ്ങളെല്ലാം മനസ്സിന്റെ തീവ്രത കൊണ്ടുണ്ടാകുന്ന അശുദ്ധിയാണ്. മനസ്സ് ശുദ്ധമായിരുന്നാല്‍ എല്ലാ രോഗത്തില്‍ നിന്നും മുക്തി ലഭിക്കുന്നു.
Post Your Comments