തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെയും തിരുവനന്തപുരത്ത് കോവിഡ് വ്യാപനമുണ്ടായത് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി. ജൂലൈ 16-ന് നടന്ന അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തെ രോഗവ്യാപനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
ട്രിപ്പിള്‍ ലോക്ക്ഡൗണിനിടയിലും ജനതിരക്കേറിയ അട്ടക്കുളങ്ങരയിലെ വസ്ത്രശാല എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തില്‍ ചോദിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടക്കുളങ്ങരയിലെ സ്വകാര്യ ഷോപ്പിംഗ് സെന്ററിലെ അറുപതോളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ സാധനങ്ങള്‍ വാങ്ങാനെത്തിയവരെ പരിശോധിച്ചാല്‍ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂണ്‍ മാസത്തില്‍ തന്നെ സ്ഥാപനത്തിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും ആളുകളെ എത്തിച്ച കാര്യം ഇന്റലിജന്‍സ് അറിയിച്ചിട്ടും ഇക്കാര്യത്തില്‍ തുടര്‍നടപടികളുണ്ടായില്ലെന്നും വിഷയം പരിശോധിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും അഭ്യന്തര, തദ്ദേശസ്വയംഭരണ, ആരോഗ്യവകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ തുറന്നു പ്രവര്‍ത്തിച്ച തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ രാമചന്ദ്ര ടെക്‌സ്‌റ്റൈല്‍സ്, പോത്തീസ് എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. അട്ടക്കുളങ്ങര രാമചന്ദ്രയിലെ 71 ജീവനക്കാര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments