തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമാകുകയും സാമൂഹികവ്യാപനം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ 5000 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉടനെ ലഭ്യമാക്കുമെന്ന് ശശി തരൂര്‍ എംപി. തിരുവനന്തപുരം കോര്‍പറേഷന്‍, കോട്ടുകാല്‍, കരിംകുളം, പൂവാര്‍, കുളത്തൂര്‍ ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലേക്കാണ് കിറ്റുകള്‍ ലഭ്യമാക്കുക.
ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച തന്റെ മണ്ഡലത്തിലെ പ്രദേശങ്ങളില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമായി ആണ് ഇവ ലഭ്യമാക്കുന്നതെന്നും ഇതിലേക്കായി തന്റെ ഫണ്ടില്‍ നിന്നും നേരത്തെ എസ്.സി.ടി.ഐ.എം.എസ്.ടി ടെസ്റ്റ് കിറ്റുകള്‍ക്കായി മാറ്റി വെച്ച തുകയില്‍ നിന്നും ഇരുപത്തിയഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ വിനിയോഗിക്കാന്‍ അദ്ദേഹം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ ഐസിഎംആര്‍ അംഗീകാരം ഉള്ള ഒറ്റ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റ് നിര്‍മ്മാതാവ് മാത്രമേ ഉള്ളു. ഒരു ദക്ഷിണകൊറിയന്‍ കമ്പനിയുടെ ഇന്ത്യയിലെ നിര്‍മ്മാണശാലയില്‍ ഉണ്ടാക്കുന്നവയാണിത്. ഇന്ത്യയിലെ ദക്ഷിണകൊറിയന്‍ അംബാസഡറോട് സംസാരിച്ച് ഇവയുടെ അടിയന്തര ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ശശി തരൂര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നേരത്തെ തലസ്ഥാനത്ത് ആന്റിജന്‍ പരിശോധന കുറച്ചിരുന്നു. ജില്ലയില്‍ ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ 1000 ല്‍ താഴെമാത്രമേ സ്റ്റോക്ക് ഉള്ളൂവെന്നാണ് വിവരം. സമൂഹവ്യാപനം സ്ഥിരീകരിച്ച പുല്ലുവിള മേഖല ഉള്‍പ്പെടുന്ന കരകുളം പഞ്ചായത്തില്‍ വ്യാഴാഴ്ച 150 പേരെ പരിശോധിച്ചിരുന്നു. എന്നാല്‍ ഇന്നലെ ആകെ 50 പേരെയാണ് പരിശോധിച്ചത്. ഇതില്‍ പുതിയതുറയിലെ 19 പേര്‍ക്കുള്‍പ്പെട 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ 279 പേര്‍ക്കാണ് മേഖലയില്‍ രോഗം ബാധിച്ചത്. പൂന്തുറയില്‍ 27 പേരെയാണ് പരിശോധിച്ചത്. എട്ടുപേര്‍ പോസിറ്റീവായി. മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റിയിലെ കോവിഡ് സ്ഥിരീകരിച്ച രോഗിയെ ചികിത്സിച്ച ന്യൂറോ, ഗ്യാസ്ട്രോ, നെഫ്രോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലായി.
Post Your Comments